കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനായ മനുഷ്യൻ, സ്വന്തം ജീവൻ തൃണവത്കരിച്ച്, 105 പേരുടെ ജീവൻ അതിസാഹസികമായി രക്ഷപ്പെടുത്തിയ മഹത് വ്യക്തിത്വം ടി.ജെ. കരിമ്പനാൽ ഓർമ്മയായി .
കാഞ്ഞിരപ്പള്ളി : 39 വർഷങ്ങൾക്ക് ശേഷം, ഇന്നും ആ 105 ശബരിമല തീർത്ഥാടകർ വിശ്വസിക്കുന്നത് , നിയന്ത്രണം വിട്ട ബസ് ചെങ്കുത്തായ കൊക്കയിലേക്ക് മറിഞ്ഞു ദാരുണമായ മരണം മുന്നിൽ കണ്ടപ്പോൾ, അയ്യപ്പസ്വാമിയേ രക്ഷിക്കണേ എന്ന് നിലവിളിച്ചു കരഞ്ഞപ്പോൾ , എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട്, തങ്ങളുടെ ജീവൻ രക്ഷിച്ച ശേഷം , എങ്ങോട്ടോ മറഞ്ഞതുപോയയാൾ, സാക്ഷാൽ ധർമ്മശാസ്താവ് ശബരിമല ശ്രീ അയ്യപ്പൻ തന്നെയാണെന്നാണ്. എന്നാൽ സ്വന്തം ജീവൻ തൃണവത്കരിച്ച്, 105 പേരുടെ ജീവൻ അതിസാഹസികമായി രക്ഷപ്പെടുത്തിയ, കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനും സാഹസികനുമായ ആ മഹത് വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം ഓർമ്മയായ കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിലെ ടി.ജെ. കരിമ്പനാൽ (87) എന്ന അപ്പച്ചൻ കരിമ്പനാൽ.
സംഭവം നടക്കുന്നത് 39 വർഷങ്ങൾക്ക് മുൻപ് , 1986 നവംബറിൽ . കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്‌ടപ്പെട്ട് നിയന്ത്രണം വിട്ടു പാഞ്ഞ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്നത് 105 യാത്രക്കാർ. ഗിയർ ഡൗൺ ചെയ്തും കല്ലുകളുടെ മുകളിൽ കയറ്റിയുമൊക്കെ ബസ് നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒന്നും ഫലിക്കാതെ വന്നതോടെ ഇനി എന്തുചെയ്യും എന്നറിയാതെ തളർന്ന ഡ്രൈവർ. മുൻപിലെ അഗാധമായ കൊക്കയിലേക്ക് ഏതു നിമിഷവും ബസ്സ് കൂപ്പുകുത്തും, അതോടെ മരണം ഉറപ്പാണെന്ന് എന്ന് മനസ്സിലാക്കിയ ബസ്സിലെ ശബരിമല തീർത്ഥാടകർ, അയ്യപ്പ സ്വാമിയേ രക്ഷിക്കണമേ എന്ന് ഉറക്കെ നിലവിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു . കുമളിയിൽ നിന്ന് എരുമേലിയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസായിരുന്നു അത്.
ആ സമയത്താണ് ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്ന ടി.ജെ.കരിമ്പനാൽ ബസ്സിന്റെ പിന്നിൽ എത്തിയത് . മിലിറ്ററിയിൽ നിന്നു ലേലത്തിൽ വാങ്ങിച്ച ജീപ്പ് ഓടിച്ചായിരുന്നു അദ്ദേഹം വന്നത് . കെകെ റോഡിൽ മരുതുമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോൾ മുന്നിൽ പോകുന്ന കെഎസ്ആർടിസി ബസിൽനിന്നു യാത്രക്കാരുടെ നിലവിളികൾ കേട്ടു. അതോടെ ഉടൻ നടന്നേക്കാവുന്ന അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന ടി.ജെ. കരിമ്പനാൽ, ആ നിമിഷം ഏറെ വിലപ്പെട്ട ഒരു സാഹസിക തീരുമാനം എടുത്തു. സ്വന്തം ജീവൻ തൃണവത്കരിച്ച് വൻ അപകടത്തിലേക്ക് കൂപ്പുകുത്തുമെന്നുറപ്പുള്ള, ബസ്സിലെ നിസഹായരായ യാത്രക്കാരെ രക്ഷപെടുത്തുവാൻ തന്നെക്കൊണ്ട് സാധിക്കുന്നപോലെ ശ്രമിക്കുവാൻ അദ്ദേഹം തീരുമാനമെടുത്തു . അതു വരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുൻസീറ്റിൽ വരാൻ പറഞ്ഞു. തുടർന്നു ടി.ജെ. ബസിനെ സാഹസികമായി ഓവർടേക്ക് ചെയ്‌തു. ബ്രേക്ക് പോയ ബസ്സിന്റെ മുൻപിൽ ഒരാൾ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസ്സിന്റെ ഡ്രൈവർ അന്തംവിട്ടു.
ബസിനു മുന്നിൽക്കയറ്റിയ ശേഷം ജീപ്പ് 4 വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു. ആദ്യം, കാര്യം മനസ്സിലാകാതെ അന്തംവിട്ട ബസ് ഡ്രൈവർക്ക്, മുൻപിലെ ജീപ്പിലെ ഡ്രൈവർ, തങ്ങളെ രക്ഷിക്കുവാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലായതോടെ, ആ അവസരത്തിൽ തന്റെ കടമ എന്താണെന്ന് മനസ്സിലായി. മനഃസാന്നിധ്യത്തോടെ അവസരത്തിനൊത്തുയർന്ന ബസ് ഡ്രൈവർ ജീപ്പിന്റെ പിന്നിൽ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കുവാൻ ശ്രമിച്ചു. അതിൽ വിജയിച്ചതോടെ അപ്പച്ചൻ കരിമ്പനാൽ പതിയെപ്പതിയെ ജീപ്പ് ബ്രേക്ക് ചെയ്ത് ബസ്സിന്റെ വേഗം കുറച്ചു. ജീപ്പിനെ തള്ളിക്കൊണ്ട് ബസ് മുൻപോട്ട് പോയെങ്കിലും , ഒടുവിൽ സുരക്ഷിതമായി ജീപ്പും ബസും നിന്നു.
ബസ്സിന്റെ ഉള്ളിൽ, ഉടൻ സംഭവിച്ചേക്കാവുന്ന ദാരുണ മരണത്തെ മുന്നിൽകണ്ട് അയ്യപ്പസ്വാമിയെ പ്രാർത്ഥിച്ചു നിലവിളിച്ചുകൊണ്ടിരുന്ന തീർത്ഥാടർക്ക്, ബസ്സിന്റെ മുൻപിൽ നടന്ന അത്ഭുത സംഭവം വിശ്വസിക്കുവാനായില്ല. സാക്ഷാൽ അയ്യപ്പസ്വാമി നേരിട്ട് ഇറങ്ങിവന്ന് തങ്ങളെ രക്ഷിച്ചുവെന്ന് വിശ്വസിച്ച അവർ ഉച്ചത്തിൽ ശരണം വിളിച്ചുകൊണ്ട് , ദൈവദൂതനെ നേരിട്ട് കാണുവാൻ ബസ്സിൽ നിന്നും ഇറങ്ങി ഓടിയെതെത്തിയെങ്കിലും, ആർക്കും മുഖം കൊടുക്കാതെ, ഒരു നന്ദിവാക്കും പോലും സ്വീകരിക്കാതെ, തന്റെ കടമയാണ് നിറവേറ്റിയതെന്ന ബോധ്യത്തിൽ , ടി.ജെ. കരിമ്പനാൽ ജീപ്പ് മുൻപോട്ട് ഓടിച്ചുപോവുകയായിരുന്നു.
അതോടെ, തങ്ങളെ ആപത്തിൽ നിന്നും രക്ഷിച്ചത് , സാക്ഷാൽ ഭഗവാൻ അയ്യപ്പൻ തന്നെയാണെന്ന് ആ തീർത്ഥാടകർ ഉറച്ചു വിശ്വസിച്ചു. അവരിൽ പലരും 39 വർഷങ്ങൾക്ക് ശേഷം ഇന്നും അങ്ങനെത്തന്നെയാണ് വിശ്വസിക്കുന്നത്. കരളുറപ്പിന്റെയും മനക്കരുത്തിന്റെ പ്രതീകമായ അപ്പച്ചൻ കരിമ്പനാലിനെ ഓർത്ത് ഓരോ കാഞ്ഞിരപ്പള്ളികാരനും അഭിമാനിക്കാം .
അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗം.
മക്കൾ : അന്ന സെബാസ്റ്റ്യൻ , കെ.ജെ തൊമ്മൻ , ത്രേസി അലക്‌സ്, കെ.ജെ മാത്യു, കെ.ജെ. എബ്രഹാം, ഡോ. മരിയ.
മരുമക്കൾ : സെബാസ്റ്റ്യന്‍ മറ്റത്തിൽ (പാലാ), അലക്‌സ് ഞാവള്ളി (ബാംഗളൂര്‍), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി), ദീപാ എബ്രഹാം മുണ്ടുകോട്ടാക്കല്‍ (റാന്നി), ഡോ. ജെയിംസ് മൂലേശേരി (കാവാലം)
