സ്കൂൾ ബസും സ്വകാര്യ ബസും അപകടത്തിൽ പെട്ടു ; നിയന്ത്രണം തെറ്റിയ ബസിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു..
എരുമേലി: റോഡിൽ വീതി കുറഞ്ഞ ഭാഗത്ത് സ്കൂൾ ബസും സ്വകാര്യ ബസും നേർക്കുനേർ എത്തിയപ്പോൾ ഇടിക്കാതിരിക്കാൻ ഇരു വാഹനങ്ങളും വെട്ടിച്ചുമാറ്റിയെങ്കിലും സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വെട്ടിച്ചുമാറ്റിയ സ്കൂൾ ബസിന്റെ മുൻചക്രം ഓടയിൽ താഴ്ന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
തിങ്കൾ രാവിലെ ഒമ്പത് മണിയോടെ കനകപ്പലം – വെച്ചൂച്ചിറ റോഡിലായിരുന്നു അപകടം. വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂളിലെ കുട്ടികളുമായി വന്ന സ്കൂൾ ബസിന്റെ മുന്നിലേക്ക് എതിരെ പൊൻകുന്നത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സെന്റ് ആന്റണീസ് ബസ് എത്തുകയായിരുന്നു. സ്കൂൾ ബസ് വെട്ടിച്ചു മാറ്റിയാണ് ഡ്രൈവർ കുട്ടികളെ രക്ഷിച്ചത്.
അതേസമയം സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയതോടെ പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ബന്ധം വേർപെട്ടു. ഓടയിൽ താഴ്ന്ന സ്കൂൾ ബസ് ഉയർത്തി നീക്കിയ ശേഷം യാത്ര തുടർന്നെങ്കിലും വൈദ്യുതി പോസ്റ്റ് മറിഞ്ഞ് മുൻഭാഗത്ത് വീണ് മുന്നിലെ ചില്ലുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സ്വകാര്യ ബസിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം സർവീസ് നിർത്തി വെച്ചു.
