KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ (RPS) വൻ തീപിടുത്തം

കാഞ്ഞിരപ്പള്ളി: ചിറക്കടവ് മാതൃകാ റബ്ബർ ഉദ്പാദക സംഘത്തിൽ വൻ തീപിടുത്തം. റബ്ബർ ഷീറ്റ്, ഒട്ടുപാൽ , പശ, പ്ലാസ്റ്റിക്ക്, വയറിംഗ്. ഫാനുകൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു.പ്രാഥമീകമായി 25 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഓമനക്കുട്ടന്റെ നേതൃത്വത്തിൽ ‘ ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിശമന സേന എത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

പുലർച്ചെ പുകപ്പുരയിൽ നിന്നും പുകയും മണവും വരുന്നതു കണ്ട് ആൾക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയപ്പോൾ ഒട്ടുപാൽ ഉണക്കാനിട്ടിരുന്ന ഒരു പുകപ്പുര കത്തുന്നതാണ് കാണുന്നതെന്ന് ആർ.പി.എസ്.പ്രസിഡന്റ് മൈക്കിൾ ജോസഫ്, സെക്രട്ടറി ഷാജിമോൻ ജോസ് എന്നിവർ പറഞ്ഞു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം ഓഫീസിലേക്ക് തീപിടരുന്നത് തടയുവാനും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുവാനും സാധിച്ചു.

തീപിടുത്തത്തിൽ മൂന്നര ടൺ ഒട്ടുപാൽ, 400 കിലോ റബ്ബർ ഷീറ്റ്, 1.5 ടൺ കോംപൗണ്ട്, 35 കിലോയുടെ രണ്ട് ജാർ ആസിഡ്, എന്നിവ കത്തിനശിച്ചു. ഇലക്ട്രിക്ക് വയറിംഗ്,,സി.സി.ടി.വി ഉപകരണങ്ങൾ, ഫാനുകൾ കൂടാതെ കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ഉടൻ പുറത്തെടുക്കാനിരുന്ന റബ്ബർ ഷീറ്റുകളും കത്തിനശിച്ചു.

1987 ൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം ആരംഭിച്ച സൊസൈറ്റി ഇൻഡ്യയിലെ ഏറ്റവും മികച്ച സുവർണ്ണ സംഘം അവാർഡിന് മുൻപ് അർഹരായിട്ടുണ്ട്..2021-ലെ വെള്ളപൊക്കത്തിലും സംഘത്തിന് നാശനഷ്ടമുണ്ടായിരുന്നു.

error: Content is protected !!