ശക്തമായ കാറ്റിൽ വ്യാപക നാശം ; ദേശീയ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
പാറത്തോട്: വീശിയടിച്ച ശക്തമായ കാറ്റിൽ, പാറത്തോട് , ദേശീയപാത 183 ന്റെ ഓരത്ത് നിന്നിരുന്ന വൃക്ഷങ്ങൾ കടപുഴക്കി വീണു. വാഹനഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരം വീണ് 11 കെവി ലൈനും വൈദ്യുതി പോസ്റ്റുകളും തകർന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി.
വീടിന്റെ മുറ്റത്ത് നിവർത്തി വെച്ചിരുന്ന കുടയും തുണികളും കാറ്റിൽ പറന്ന് അയൽ വീടുകളിലെത്തി. പാറത്തോട് ചോറ്റി മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ശാന്തിനഗറിൽ കൊടുമണ്ണിൽ സണ്ണിയുടെ വീടിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടു ഭാഗികമായി തകർന്നു.
എരുമേലി കനകപ്പലം കരിമ്പിൻ തോട് ഭാഗത്ത് എരുമേലി-റാന്നി റോഡിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുതി ലൈനുകൾ തകർന്നു. പോസ്റ്റുകൾ ഒടിഞ്ഞു. കാരിത്തോട് കുരിശുപള്ളി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണു. പാറത്തോട് 28 -ൽ വലിയ മരം ദേശീയപാതയിലേക്ക് ചെരിഞ്ഞ് നിലംപത്താറായ നിലയിലാണ് . ഇതിലെ യാത്രക്കാർ ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത് .കാറ്റിലും മഴയിലും ഏത് സമയവും റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ് മരം.
