KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴ ശക്തമായതോടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ അപകടം പതിവായി

പൊൻകുന്നം: മഴ ശക്തമായതോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടസാധ്യതയേറി. തേഞ്ഞ ടയറുകളുമായി ഓടുന്ന വാഹനങ്ങൾ മഴയിൽ തെന്നിമറിയുന്നതും രാത്രികാല ഡ്രൈവർമാരുടെ ഉറക്കവുമാണ് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നത്. ഒരുമാസത്തിനുള്ളിൽ ആറ് അപകടങ്ങൾ എലിക്കുളം മുതൽ തെക്കേത്തുകവല വരെയുള്ള ഭാഗത്ത് നടന്നു.

ഹൈവേയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡും പൊൻകുന്നം-മണിമല റോഡും നിരവധി കൊടുംവളവുകൾ ഉള്ളതാണ്. റോഡ് വികസനത്തിന് സ്ഥലമേറ്റെടുത്ത് വീതികൂട്ടിയെങ്കിലും വളവുകൾ ഒഴിവായിട്ടില്ല. പൊൻകുന്നം-മണിമല റോഡിലും കൊടുംവളവുകളാണ്. വളവുകളിൽ അമിതവേഗത്തിൽ വാഹനമെത്തിയാൽ മഴസമയത്ത് തെന്നുന്നതിനിടയാകുന്നുണ്ട്.

രാത്രി കൂടുതലായി ഓടുന്ന ലോറികളുടെയും മിനിലോറികളുടെയും ഡ്രൈവർമാർ ഉറക്കച്ചടവോടെ ഓടിക്കുന്നതും അടുത്തിടെ നടന്ന പല അപകടങ്ങൾക്കും കാരണമായി. എലിക്കുളം ബാങ്ക്പടി, പൊൻകുന്നം അട്ടിക്കൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാഹനാപകടം നടന്നു. അട്ടിക്കൽ പതിവായി അപകടം നടക്കുന്ന ഭാഗമാണ്. മേളകലാകാരനും സോപാനസംഗീതജ്ഞനുമായ ബേബി എം.മാരാർ മരിച്ചതുൾപ്പെടെ നിരവധി അപകടം നടന്ന ഭാഗമാണിത്. ഈ വർഷം തന്നെ ഇവിടെ ഒരുവീട്ടിലേക്ക് വാഹനമിടിച്ചുകയറി വീടുതകർന്നിരുന്നു.

ചിറക്കടവ് എസ്ആർവി കവലയിൽ നടപ്പാതയുടെ കൈവരി തകർത്ത് വാഹനങ്ങൾ പാഞ്ഞുകയറിയ മൂന്ന് അപകടം അടുത്തിടെ നടന്നു. ഇവിടെ കൊടുംവളവുമാണ്. വാഹനങ്ങളുടെ അമിതവേഗം പ്രശ്‌നമാകുന്ന ഭാഗമാണിത്.

error: Content is protected !!