KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പരിചരിക്കുന്നവർക്കു പരിചരണവുമായി സ്വരുമ പാലിയേറ്റീവ് കെയർ

കാഞ്ഞിരപ്പള്ളി പാലിയേറ്റീവ് രോഗികൾക്ക് എന്ന പോലെ ഇവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കും കരുതൽ നൽകുന്ന കെയർ ഫോർ കെയർ ഗിവേഴ്സ‌് എന്ന പദ്ധതി സ്വരുമ പാലിയേറ്റീ വ് കെയറിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സ്വരുമയുടെ 11-ാം വാർഷിക ദിനത്തിൽ രോഗികളെ പരിചരിക്കുന്ന 11 വ്യക്തികളെ ആദരിച്ചു കൊണ്ട് നടത്തി.

സ്വരുമയുടെ വനിതാ വിഭാഗമാണു പദ്ധതിക്കു നേതൃത്വം നൽകുന്നത്. ഒരു പതിറ്റാണ്ടിലേറെയായി കിടപ്പിലായ രോഗികളെ പരിചരിക്കുന്ന അടുത്ത ബന്ധുക്കളെയാണു ഇതിനായി പരിഗണിക്കുന്നത്. അപകടങ്ങൾ മൂലം കിടപ്പിലായവർ, സെറിബ്രൽ പാൾസി, ഭിന്നശേഷിക്കാർ തുടങ്ങിയവരെ പരിചരിക്കുന്നവരുടെ സംരക്ഷണമാണു പദ്ധതി ലക്ഷ്യമിടുന്നത്

രോഗികളെക്കാൾ മാനസിക പിരിമുറുക്കം ഇവർ അനുഭവിക്കുന്നതായി മനസ്സിലാക്കിയാണ് ഇത് ആരംഭിച്ചതെന്നു സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ഇവർക്കു വേണ്ടി കരുതൽ പദ്ധതിയാണത്.

വർഷങ്ങളോളം ഒരു ദിവസം പോലും ഇടവേളയില്ലാതെ രോഗികളെ പരിചരിക്കുന്ന ഇവർക്ക് ഇടവേള നൽകാൻ പകരം ആളെ നിയോഗിക്കുകയും, ഇവരുടെ മാനസിക സമ്മർദം കുറയ്ക്കാനുള്ള കൗൺസലിങ്, ഏകദിന വിനോദ സഞ്ചാരം, തീർഥാടന കേന്ദ്ര സന്ദർശനം, പരിശീലന ക്ലാസുകൾ തുടങ്ങിയവയും നടത്തുന്നതാണു പദ്ധതി.

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, എലിക്കുളം എന്നീ പഞ്ചായത്തുകളാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇത്തരം രോഗീപരിചരണം നടത്തുന്നവരെ കുറിച്ചു വിവരങ്ങൾ അറിയിക്കാൻ ഫോൺ: 81119 28361.

ജിജി നിക്ലാവോസ് കുന്നത്ത്, മെഹർ ഫിറോസ് കണ്ണമ്പ്ര, സജിത ഷാജി ചെറാടിൽ, ഡാനി ജോസ് കുന്നത്ത് എന്നിവരാണ് പദ്ധതിയുടെ കോ- ഓർഡിനേറ്റർമാർ.

error: Content is protected !!