ശക്തമായ കാറ്റിൽ എരുമേലി പ്രദേശത്ത് വ്യാപക നാശം : വീടുകളിലും റോഡിലും മരങ്ങൾ വീണു , വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി.. ..ഗതാഗതം സ്തംഭിച്ചു ..
എരുമേലി: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റ് നീണ്ടു നിന്നത് 18 മിനിറ്റോളം. എരുമേലി കനകപ്പലം ജങ്ഷനിൽ വനത്തിലെ മരം വീണ് കുടുംബശ്രീയുടെ പെട്ടിക്കട തകർന്നു. ഈ സമയം കടയ്ക്ക് സമീപം നിന്ന പുലിക്കുന്ന് സ്വദേശി ബിനുവിന് മരത്തിന്റെ ശിഖരം പതിച്ച് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനകപ്പലം ജങ്ഷനിൽ റോഡരികിൽ പെട്ടിക്കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന വെച്ചൂച്ചിറ കെഎസ്ഇബി യിലെ ജീവനക്കാരൻ ചെറുകരകുഴി സാബുവിന്റെ കാറിനും മരത്തിന്റെ ശിഖരങ്ങൾ വീണ് കേടുപാടുകളുണ്ട്. കനകപ്പലം ഓർത്തഡോക്സ് പള്ളിയുടെ സമീപത്തെ മാവ് കടപുഴകി. എരുമേലി- റാന്നി റോഡിൽ കനകപ്പലം മുതൽ മുക്കട വരെ മരങ്ങൾ റോഡിൽ വീണ് വ്യാപകമായി നാശനഷ്‌ടങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർത്താണ് മരങ്ങൾ വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം നിർത്തി വെയ്ക്കേണ്ടി വന്നു.
വീടുകളിലും മരങ്ങൾ വീണ് നാശനഷ്‌ടങ്ങൾ നേരിട്ടു. കനകപ്പലം ശ്രീനിപുരം പഴയപള്ളി ഭാഗത്ത് പ്രിയ ഭവനം ഏലിയാമ്മയുടെ വീട്ടിലെ ശുചിമുറി അയൽവാസിയുടെ പറമ്പിലെ മരം കടപുഴകി വീണ് തകർന്നു. ഏലിയാമ്മ മാത്രം ആണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഭീതിയിലായ ഇവരെ നാട്ടുകാർ എത്തി ആശ്വസിപ്പിച്ചു. കനകപ്പലം നീറംപ്ലാക്കൽ ബ്ലസൻന്റെ വീടിന് സമീപമുള്ള കോഴികൂടുകളും ഫാമും മരം വീണ് തകർന്നു.
കനകപ്പലത്തും കരിമ്പിൻതോടും തുടർന്നുള്ള മുക്കട വരെയും വന പാത മരങ്ങൾ വീണ നിലയിലാണ്. വൈദ്യുതി ലൈനുകൾ തകർന്നു. അഞ്ച് വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. മേഖലയിൽ ഇതോടെ വൈദ്യുതി വിതരണം നിലച്ചു. സന്ധ്യയോടെ ഭാഗികമായി വൈദ്യുതി ബന്ധം സജ്ജമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് ആണ് റോഡിൽ വീണു കിടന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കിയത്.
പഴക്കം ചെന്ന നിരവധി മരങ്ങൾ റോഡിൽ അപകടം ഉയർത്തുകയാണെന്ന് നാളുകളായി വനം വകുപ്പിനെ അറിയിച്ചിട്ടും നടപടികൾ ഉണ്ടായില്ല. തുടർച്ചയായി ഈ പാതയിൽ വനത്തിലെ മരങ്ങൾ വീഴുകയാണ്. പരാതികൾ അറിയിച്ചിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തത് മൂലം ഇതുവഴിയുള്ള യാത്ര അപകടഭീതിയിലായിരിക്കുകയാണ്.
