KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍ “ടെക്‌ ടോക്ക്‌” പരമ്പരയ്‌ക്ക്‌ തുടക്കമായി ; മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാൻസലർ ഡോ.സാബു തോമസ്‌ കുട്ടികളുമായി സംവദിച്ചു.

കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ പുത്തന്‍ സാധ്യതകളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍ ടെക്‌ ടോക്ക്‌ പരമ്പരയ്‌ക്ക്‌ തുടക്കം കുറിച്ചു. റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്‌ പ്രമുഖ വ്യക്തികള്‍ നയിക്കുന്ന പ്രഭാഷണ പരമ്പരയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.

പ്രശസ്‌ത ശാസ്‌ത്രജ്ഞനും മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. സാബു തോമസ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. നാനോ ടെക്‌നോളജിയും ഭാവി സാങ്കേതിക വിദ്യകളും എന്ന വിഷയത്തില്‍ അദ്ദേഹം അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്‌ത്‌ പ്രസംഗിച്ചു.

നാനോ വൈപ്‌, ജീന്‍ എഡിറ്റിംഗ്‌, കെമിക്കല്‍ എഞ്ചിനീയറിംഗ്‌, എയറോ സ്‌പേസ്‌, മെഡിക്കല്‍ സയന്‍സ്‌ എന്നീ മേഖലകളില്‍ നാനോ ടെക്‌നോളജിയുടെ പ്രാധാന്യം ഇതുമൂലം ലോകത്തിന്‌ വന്ന മാറ്റങ്ങള്‍, ലോകത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ നാനോ ടെക്‌നോളജിയുടെ പങ്ക്‌ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം വിദ്യാര്‍ത്ഥികളെ ബോധവത്‌കരിച്ചു. നാനോ സയന്‍സിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും വിവിധ മേഖലകളിലെ ഭാവി കണ്ടുപിടുത്തങ്ങളെ രൂപപ്പെടുത്തുന്നതില്‍ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ക്ക്‌ വിലപ്പെട്ട ഉള്‍ക്കാഴ്‌ചകള്‍ നല്‍കി.

സമ്മേളനത്തില്‍ മാനേജര്‍ റവ. ഫാ. ജോസഫ്‌ പൊങ്ങന്താനത്ത്, പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്‌, വൈസ്‌ പ്രിൻസിപ്പാൾ ഫാ. ഷിജു കണ്ടപ്ലാക്കല്‍, പി.റ്റി.എ. പ്രസിഡന്റ്‌ ജോസ്‌ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രീയാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന്‌ പ്രിൻസിപ്പാൾ അറിയിച്ചു.

error: Content is protected !!