കണ്ണിമലയിലെ കുത്തിറക്കത്തിൽ ബ്രേക്ക് പോയ ബസ് നിയന്ത്രണം തെറ്റി തോട്ടത്തിലേക്ക് ഇടിച്ചു കയറി
എരുമേലി : ഇറക്കത്തിൽ വെച്ച് കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പ്രവർത്തിക്കാതെ വന്നതോടെ കൊടും വളവിൽ നിയന്ത്രണം തെറ്റി ക്രാഷ് ബാരിയറിൽ ഇടിച്ചു. ഇതോടെ ഡ്രൈവർ ബസ് വെട്ടിച്ചു മാറ്റി റോഡിന്റെ എതിർവശത്തുള്ള കയ്യാലയിൽ ഇടിപ്പിച്ചു റബർ തോട്ടത്തിലേക്ക് കയറ്റി. അപകടത്തിൽ യാത്രക്കാരെല്ലാം പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ എരുമേലി – മുണ്ടക്കയം സംസ്ഥാന പാതയിലെ കണ്ണിമല മഠം പടി വളവിലായിരുന്നു അപകടം. ഇരുപതോളം യാത്രക്കാരുമായി മുണ്ടക്കയത്ത് നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടങ്ങൾ ഏറെ സംഭവിക്കുന്ന കണ്ണിമല മഠം പടിയിലെ കുത്തിറക്കത്തിൽ വെച്ച് ബ്രേക്ക് പ്രവർത്തിക്കാതെ വന്നതോടെ നിയന്ത്രണം തെറ്റിയ ബസ് ഇറക്കം അവസാനിക്കുന്ന കൊടുംവളവിൽ വെച്ച് ക്രാഷ് ബാരിയറിൽ ഇടിയ്ക്കുകയായിരുന്നു. തൊട്ടു താഴെയുള്ള താഴ്ചയിലേക്ക് ബസ് മറിയാതിരിക്കാൻ ഉടനെ തന്നെ ബസ് വെട്ടിച്ചു മാറ്റി റോഡിന്റെ എതിർവശത്തുള്ള റബർ തോട്ടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. തോട്ടത്തിലെ കയ്യാല ഇടിച്ചു തകർത്താണ് ബസ് നിന്നത്.
കണ്ണിമലയിലെ ഈ കൊടും വളവിൽ മുമ്പുണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. ഒട്ടുമിക്ക ശബരിമല സീസണുകളിലും തീർത്ഥാടന വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാറുണ്ട്. റോഡിന്റെ വളവ് നവീകരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും അപകടങ്ങൾ വീണ്ടും തുടരുകയാണ്.
