ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ ടെക് ടോക്കിന് തുടക്കം കുറിക്കുന്നു.
കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ ഏറ്റവും പുതിയ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് നാലാം തീയതി തിങ്കളാഴ്ച ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ ടെക് ടോക്കിന് തുടക്കം കുറിക്കുന്നു.
സ്‌കൂളിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ വ്യക്തികൾ നയിക്കുന്ന പ്രഭാഷണ പരമ്പരയുടെ തുടക്കം എന്ന നിലയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്‌ത ശാസ്ത്രജ്ഞനും മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സാബു തോമസ് ക്ലാസ്സുകൾക്ക് തുടക്കം കുറിക്കും. നാനോ ടെക്നോളജിയും ഭാവി സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.
വിദ്യാർത്ഥികളിൽ ശാസ്ത്രീയാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട് അറിയിച്ചു
