KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അന്ധ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച “ബ്രെയ്ലി ബ്ലോക്ക് ബിൽഡർ ” വിതരണം ചെയ്തു

ചിറക്കടവ് : 3D പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ പ്രാദേശികമായി നിർമ്മിച്ച “ബ്രെയ്ലി ബ്ലോക്ക് ബിൽഡർ ” കാഞ്ഞിരപ്പള്ളി വാളക്കയം സർവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കാളകെട്ടി അസ്സീസി സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കേരള ഡെവലപ്‌മെൻറ് & ഇന്നോവേഷൻ സ്‌ട്രാറ്റജിക് കൗൺസിൽ (K-DISC) ന്റെ STRIDE പ്രോജക്റ്റിന് കീഴിൽ നിർമിച്ച ഉപകരണങ്ങൾ, അന്ധർക്ക് കഥകളിലൂടെയും പ്രശ്നപരിഹാരത്തിലൂടെയും ബ്രെയ്‌ലി ബ്ലോക്കുകൾ ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകൾ രൂപപ്പെടുത്താൻ സഹായിക്കുന്നു. അസ്സീസി ബ്ലൈൻഡ് സ്‌കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റിൻസി ഈ പരിപാടി ഉദ്ഘാടനം ചെയ്‌തു.

സർവോദയ ഗ്രന്ഥശാല പ്രസിഡന്റ്റ് സാബു ഫിലിപ്പ്, സെക്രട്ടറി ലിജോ ജോയ്, ലൈബ്രറി ഭാരവാഹികളായ ജോസ് ജോർജ്ജ്, വൽസമ്മ സണ്ണി, ലവ്‌ലി ആന്റണി ല എന്നിവർ നേതൃത്വം വഹിക്കുന്ന ടീം 10 ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പതിനഞ്ചോളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും മറ്റ് അംഗങ്ങളും ചേർന്ന് പുനർജീവ ടെക്നോളജി സൊല്യൂഷൻസിന്റെ നേതൃത്വത്തിൽ 3D പ്രിന്റ്റിംഗ് ഉപയോഗിച്ചാണ് ഈ കിറ്റുകൾ അസംബ്ലി ചെയ്ത‌ത്.

പഠനസുസ്ഥിരത ഉറപ്പാക്കാൻ പ്രതിമാസ സന്ദർശനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. K-DISC സോഷ്യൽ എൻറർപ്രൈസ് & ഇൻക്ലൂഷൻ ഡിവിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി പരിപാടിക്ക് നേതൃത്വം നൽകി. “ഇതിലൂടെ വ്യത്യസ്തസമൂഹങ്ങളെ ഇൻക്ലൂസിവ് സൊല്യൂഷൻസ് ഉപഭോക്താക്കളിൽ നിന്ന് സ്രഷ്ടാക്കളായി മാറ്റുകയാണ്” എന്ന് തദവസരത്തിൽ ചിറക്കടവ് St. എഫ്രേം സ്കൂൾ മുൻ ഹെഡ്മിസ്ട്രസും പ്രോജക്റ്റ് അംഗവുമായ ലവ്‌ലി ആന്റണി അഭിപ്രായപെടുകയുണ്ടായി.

ലൈബ്രറി ഇനി ഇന്നൊവേഷൻ ഹബായി മാറുന്നു :

ഈ പദ്ധതി ലൈബ്രറിയെ കേരളത്തിലെ ആദ്യ “ഇൻക്ലൂസീവ് ഇന്നോവേഷൻ ഹബ്ബ്” ആക്കി മാറ്റുന്നു. തദ്ദേശീയമായി നിർമ്മിക്കുന്ന സഹായ ഉപകരണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനോടൊപ്പം, ബ്രെയിലിന്റെ പ്രായോഗിക പഠനവും മാനസിക ചിന്താവികാസവും സംയുക്തമാക്കുന്ന പാഠ്യപദ്ധതി പഠനത്തെ കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കുന്നു.

അന്ധ വിദ്യാർത്ഥികൾക്കായി കൂടുതൽ പഠന ഇടപെടലുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ പുരോഗമിക്കുന്നു. പുതിയ ചിന്തകൾക്കും കണ്ടെത്തലുകൾക്കുമായി ഐഡിയത്തോണുകളും ഹാക്കത്തോണുകളും ഇന്നൊവേഷൻ മത്സരങ്ങളും പദ്ധതിയിലുണ്ട്. തദ്ദേശീയ തലത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വികസിപ്പിക്കുന്ന മാതൃക, നിർമ്മാതാക്കളെയും ഉപഭോക്താക്കളെയും ഒരുപോലെ ശാക്തീകരിക്കുന്നതാണ്. കമ്മ്യൂണിറ്റി അധിഷ്ഠിതമായ ഈ പുതുസമീപനം, ദീർഘകാലം നിലനിൽക്കുന്ന പരിഹാരങ്ങൾ ഒരുക്കാൻ സമൂഹത്തെ പ്രാപ്തരാക്കും.

കേരളം ഇന്ത്യയിലെ ആദ്യ “ഇൻക്ലൂസീവ് ഇന്നോവേഷൻ ഹബ്” ആകണമെന്ന K-DISC ന്റെ ദർശനവുമായി ഈ സംരംഭം ഒത്തുനിൽക്കുന്നു. ലൈബ്രറികൾ വെറും പുസ്തകശേഖര കേന്ദ്രങ്ങളല്ല, അവർ സമൂഹത്തെ മാറ്റിമറിക്കുന്ന സാങ്കേതിക ഇടങ്ങളാകാമെന്നും പദ്ധതി തെളിയിക്കുന്നു.

error: Content is protected !!