കാഞ്ഞിരപ്പള്ളിയിൽ നടന്ന ജില്ലാ ക്ഷീര കർഷകസംഗമം 2025 -26 സമാപിച്ചു
കാഞ്ഞിരപ്പള്ളി : സംസ്ഥാന ക്ഷീര വികസന വകുപ്പ്, കോട്ടയം ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തമ്പലക്കാട് നോര്‍ത്ത് ക്ഷീര സംഘത്തിന്‍റെ അതിധേയത്വത്തില്‍ സംഘടിപ്പിച്ച കോട്ടയം ജില്ലാ ക്ഷീരസംഗമം സമാപിച്ചു . 2025 ആഗസ്റ്റ് 21,22,23 തീയതികളില്‍ വിവിധ പരിപാടികളോടെ തമ്പലക്കാട് സെന്‍റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയം, ഗവ.എല്‍.പി സ്കൂള്‍ തമ്പലക്കാട്, കാഞ്ഞിരപ്പളളി എസ്സി ബാങ്ക് വക സ്ഥലം എന്നീ മൂന്ന് വേദികളിലായിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത് . കോട്ടയം ജില്ലാ ക്ഷീരകര്‍ഷക സംഗമവും,കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഓണമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും .മ്യഗസംരക്ഷണ- ക്ഷീരവകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
എല്ലാ പശുക്കൾക്കും 3 വർഷത്തിനകം ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീര കർഷകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ആദ്യഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കൂടുതൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ഓണക്കാല ത്ത് 500 രൂപ വീതം നൽകുന്ന ഓണമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രാജു ജോൺ ചിറ്റേത്ത്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള, കേരളാ ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകു മാർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജിജ സി. കൃഷ്ണൻ, എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ അംഗങ്ങളായ സോണി ഈറ്റയ്ക്കൽ, ജെ.ജ മോൻ, ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ കൂടുതൽ പാൽ അളന്ന ക്ഷീര കർഷകൻ ഉഴവൂർ വട്ടമുകളേൽ ബിജുമോൻ തോമസ്, ക്ഷീരകർഷക കുര്യനാട് ഇടത്തനാൽ രശ്മി മാത്യു, ഏറ്റവും കൂടുതൽ പാൽ അളന്ന പട്ടികജാതി / പട്ടിക വർഗ കർഷകൻ വല്ലകം പത്തിലത്തറ ബാബു, മികച്ച യുവകർഷകൻ തലയോലപ്പറമ്പ് സോബി നിവാസിൽ സോണി എസ്. സോമൻ, മികച്ച ക്ഷീരസംഘം സെക്രട്ടറി നാലുകോടി സംഘത്തിലെ സിബി ജോസഫ് ചാമക്കാല, മികച്ച ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് കൊടുങ്ങൂർ സംഘത്തിലെ പി.കെ. വിനീത, മികച്ച പ്രൊക്യുർമെന്റ് അസിസ്റ്റന്റ് കുര്യനാട് സംഘത്തിലെ സുമേഷ് തങ്കപ്പൻ എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
മികച്ച ക്ഷീരവ്യവസായ സഹകരണസംഘമായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ ക്ഷീരവ്യവസായ സഹകരണസംഘം, ക്ഷീരവികസന മേഖലയിൽ കൂടുതൽ ഫണ്ട് ചെലവഴിച്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉപഹാരം നൽകി.
മേളയുടെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മൂന്ന് ദിവസമായി നടന്ന മേളയിൽ ഡയറി എക്‌സിബിഷൻ, സെമിനാറുകൾ, ശിൽപശാല, കലാസന്ധ്യ എന്നിവയും നടന്നു.
