തെരുവ് നായ കടിച്ച പശു ചത്തു, നായയും ചത്തു. പേ വിഷബാധ പേടി..
എരുമേലി : കഴിഞ്ഞ ദിവസം തുമരംപാറ ഭാഗത്ത് തെരുവ് നായയുടെ കടിയേറ്റ പശു ചത്തിരുന്നു. അടുത്ത ദിവസം ഈ നായയെ ചത്ത നിലയിൽ കണ്ടെത്തിയതോടെ നായയ്ക്ക് പേ വിഷബാധ ഉണ്ടെന്ന് സംശയം ശക്തമായിരുന്നു.
തുമരംപാറ, എലിവാലിക്കര, ഇരുമ്പൂന്നിക്കര മേഖലയിൽ തെരുവ് നായകളുടെ എണ്ണം വർധിച്ചതോടെ ആക്രമണവും കൂടി. മിക്കതും ഉപേക്ഷിക്കപ്പെട്ട വളർത്തു നായകൾ ആണ് തെരുവ് നായകളായി പെരുകിയതെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം തുമരംപാറ ഭാഗത്ത് തെരുവ് നായയുടെ കടിയേറ്റ പശു ചത്തിരുന്നു. അടുത്ത ദിവസം ഈ നായയെ ചത്ത നിലയിൽ കണ്ടെത്തിയതോടെ നായയ്ക്ക് പേ വിഷബാധ ഉണ്ടെന്ന് സംശയം ശക്തമായിരുന്നു.
അതേസമയം ഇക്കാര്യം അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ല. മേഖലയിലെ തെരുവ് നായകളെ പിടികൂടി പേ വിഷ പ്രതിരോധ വാക്സിൻ കുത്തിവെയ്പ് നൽകണമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റാഫി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പഞ്ചായത്ത് കമ്മറ്റിയ്ക്കും മൃഗ സംരക്ഷണ വകുപ്പിനും നിവേദനം നൽകുമെന്ന് റാഫി പറഞ്ഞു.
എലിവാലിക്കര തുണരംപാറ റൂട്ടിൽ ബൈക്ക് യാത്രക്കാർ തെരുവ് നായകൾ ആക്രമിക്കുന്നതായി പരാതിയുണ്ട്. രാവിലെ ആണ് തെരുവ് നായകൾ കൂട്ടത്തോടെ എത്തുന്നത്. രാത്രിയിൽ സംഘങ്ങളായി എത്താറുണ്ട്. വീടുകളിൽ നിന്ന് ചെരുപ്പുകൾ കടിച്ചു കൊണ്ടുപോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുട്ടപ്പള്ളി, കണമല, ഉമ്മിക്കുപ്പ, മുക്കൂട്ടുതറ ഉൾപ്പടെ കിഴക്കൻ മേഖലയിൽ തെരുവ് നായകളുടെ ഉപദ്രവം വർധിച്ചിരിക്കുകയാണ്.
