കൂട്ടായ്മയുടെ ശക്തിയിൽ തുലാപ്പള്ളിയിൽ ഹൈടെക് പാരീഷ് ഹാൾ
കണമല : പമ്പാവാലി കിഴക്കൻ മേഖലയിൽ ഹൈടെക് പാരീഷ് ഹാൾ നിർമിക്കാൻ വേണ്ടിവന്നത് ആറു മാസം മാത്രം. തുലാപ്പള്ളിയിൽ കഴിഞ്ഞ ദിവസം നിർമാണം പൂർത്തിയായ മാർത്തോമ്മാശ്ലീഹാ കത്തോലിക്കാ ദൈവാലയ ഇടവകയുടെ സെന്റ് ജോർജ് പാരീഷ് ഹാൾ ആണ് അധ്വാനത്തിന്റെ പഴയ കാർഷിക കുടിയേറ്റ ചരിത്രത്തെ ഓർമിപ്പിക്കുന്നത്. തുലാപ്പള്ളി മേഖലയിൽ വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും വിശാലമായ പാർക്കിംഗ് ഉൾപ്പടെ വിപുലമായ അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ ഹാൾ വേണമെന്ന ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.
പാരീഷ് ഹാളിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവഹിച്ചു. മേഖലയിലെ വിവിധ സാമുദായിക നേതാക്കൾ പങ്കെടുത്ത ഉദ്ഘാടന സമ്മേളനം നാടിന്റെ മത സൗഹൃദ സമ്മേളനം കൂടിയായി മാറി. പ്രദേശത്തെ ഇടവകകളിലെ വൈദികരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. എരുമേലി ഫൊറോന വികാരി ഫാ.അഗസ്റ്റിൻ പുതുപ്പറമ്പിൽ, തുലാപ്പള്ളി സെന്റ് ജോർജ് പള്ളി വികാരി ഫാ. ബെന്നി തട്ടാം പറമ്പിൽ, എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് തെക്കേമുറി, മൂലക്കയം മലങ്കര സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു, തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമാ പള്ളി വികാരി ഫാ. എബിൻ, എരുതാപ്പുഴ ഉണ്ണി മിശിഹാ പള്ളി വികാരി ഫാ. ജോബി അറയ്ക്കപ്പറമ്പിൽ, വാർഡ് മെമ്പർ റിൻസി ബൈജു, നാറാണംതോട് എസ്എൻഡിപി ഭാരവാഹി സന്തോഷ് ഓലിക്കൽ, തുലാപ്പള്ളി എൻഎസ്എസ് കരയോഗം ഭാരവാഹി കെ ജി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. മുൻ വികാരി ഫാ. പീറ്റർ മേസ്തിരിപറമ്പിൽ ആണ് പാരീഷ് ഹാൾ നിർമാണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വികാരി ഫാ.ബെന്നി തട്ടാംപറമ്പിൽ, കൈക്കാരൻമാരായ ബിജു പുള്ളോലിൽ, അല്ലേസ് കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാവുകയായിരുന്നു.
