KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജോജി വാളിപ്ലാക്കലിന് ‘കാർഷിക വ്യവസായ സംരംഭകശ്രീ’ അവാർഡ് ; അബുദാബിയിൽ വച്ച് സമ്മാനിക്കും

കാഞ്ഞിരപ്പള്ളി : കാര്‍ഷികമേഖലയിലെ പൊതുപ്രശ്‌നങ്ങൾ ഗവണ്മെന്റിന്റെ മുൻപിലും, അധികാരികളുടെ മുൻപിലും അവതരപ്പിച്ച് പ്രശ്‌നപരിഹാരവും മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയ , കഴിഞ്ഞ 3 പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സെൻട്രൽ ട്രാവൻകൂർ, റബ്ബർ & പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്ററിന്റെ പുരസ്‌ക്കാരത്തിന് അര്‍ഹനായി.

പൈനാപ്പിള്‍ കാര്‍ഷികരംഗത്തും, റബ്ബര്‍ അനുബന്ധ വ്യവസായരംഗത്തും പതിറ്റാണ്ടുകളായി പ്രവര്‍ത്തനരംഗത്തുള്ള ജോജി ഒരു പ്ലാന്ററും സംരംഭകനുമാണ്. . ചെറുകിട നാമമാത്ര റബ്ബര്‍ കൃഷിക്കാരുടെ പ്രതിനിധിയായി റബ്ബര്‍ ബോര്‍ഡ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട്രനിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡ്യാ റബ്ബര്‍ മീറ്റില്‍ കഴിഞ്ഞ അഞ്ച് തവണ പ്രതിനിധിയായി. കാര്‍ഷിക ഉത്പ്പന്നങ്ങളില്‍നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ഓഹരി ഉടമകളായ രണ്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 2020-ല്‍ തായ്‌ലന്റില്‍ നടന്ന പൈനാപ്പിള്‍ കര്‍ഷകസമ്മേളനത്തില്‍ ഇന്ത്യയിലെ കര്‍ഷകരെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചു. മധ്യതിരുവിതാംകൂറിലെ വലിയ ഭൂപ്രശ്‌നമായിരുന്ന തോട്ടം-പുരയിടം വിഷയത്തില്‍ സമരസമിതിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുത്തു. കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്നു. പൊതുസമൂഹത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചുവരുന്നു. ഇന്‍ഫാം ഉള്‍പ്പെടെയുള്ള വിവിധ കര്‍ഷകസംഘടനയില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. .

20-ാം തീയതി അബുദാബിയിലെ ഇന്‍ഡ്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍വച്ച് നടക്കുന്ന പ്രത്യേക അനുമോദന ഓണാഘോഷ സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്റര്‍ ചെയര്‍മാന്‍ ജോ ജോസഫ് മുണ്ടുകോട്ടാല്‍ പ്രത്യേക പുരസ്‌ക്കാരവും അവാര്‍ഡും നല്കി ആദരിക്കും. പ്രസ്തുത അനുമോദനയോഗത്തില്‍ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., പതിനഞ്ചാം നിയമസഭയിലെ മികച്ച നവാഗത എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. എന്നിവരും ആദരവ് ഏറ്റുവാങ്ങും. യോഗത്തില്‍ റവ. ഫാ. തോമസ് ആന്റണി പ്ലാത്തോട്ടത്തില്‍, പ്രശസ്ത സിനിമാതാരം സോനാ നായര്‍, മലയാളി കൗണ്‍സില്‍ ആക്ടിംഗ് പ്രസിഡന്റ് ജോയി റ്റി. സാമുവല്‍, ജനറല്‍ സെക്രട്ടറി സി.എ. ജോണ്‍ ജോസഫ് തുടങ്ങിയ ഭാരവാഹികള്‍ പ്രസംഗിക്കും. യോഗത്തെ തുടര്‍ന്ന് അബുദാബിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍പ്പെട്ട കുടുംബാംഗങ്ങളുടെ വിപുലമായ ഓണാഘോഷവും മറ്റ് കലാപരിപാടികളും നടക്കും. ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ അധ്യാപികയായ മഞ്ജു ജോജിയാണ് ഭാര്യ. മക്കള്‍ ജോംസ് ജോജി, ഫേബ ജോജി

error: Content is protected !!