കുഴിമാവ് ഗവ. ഹൈസ്കൂൾ കെട്ടിടനിർമാണോദ്ഘാടനം
കുഴിമാവ് ഗവ. ഹൈസ്കൂൾ കെട്ടിടനിർമാണോദ്ഘാടനം
മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് ഒന്നാം ഘട്ടമായി ഒരു കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക മേഖലയായ കുഴിമാവിൽ സ്ഥിതി ചെയ്യുന്ന ഹൈസ്കൂൾ മതിയായ കെട്ടിട സൗകര്യങ്ങളുടെ അഭാവം മൂലം 500 മീറ്ററിലധികം അകലത്തിൽ 2 കോമ്പൗണ്ടുകളിൽ ആയാണ് പ്രവർത്തിച്ചുവരുന്നത്. തന്മൂലം സ്കൂളിന്റെ പ്രവർത്തനങ്ങൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു. കുട്ടികൾ ഉച്ചക്കഞ്ഞിക്ക് പോലും അര കിലോമീറ്ററിലധികം നടന്നു പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒന്നാം ഘട്ടമായി ഒരു കോടി രൂപ ഫണ്ട് അനുവദിക്കുകയായിരുന്നു. മൂന്നു നിലകളിലായി 10 ക്ലാസ് റൂം, നാല് ലാബുകൾ, ലൈബ്രറി, സ്റ്റാഫ് റൂം , ഓഫീസ് റൂം , ടോയ്ലറ്റ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടങ്ങൾ 60 വർഷത്തിലധികം പഴക്കമുള്ളതും,ശോച്യാവസ്ഥയിൽ ഉള്ളതുമായിരുന്നു
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷയായി. നിർമ്മാണ കമ്മിറ്റി കൺവീനർ എം.ബി. അനിൽകുമാർ, എഎക്സ്ഇ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രൻ, കോരൂത്തോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സുകുമാരൻ, പെരുവന്താനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എള്ളക്കാട്ട്, ശ്രീജ ഷൈൻ, പി.ഡി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിന് കൂടി പുതിയ കെട്ടിടം നിർമ്മിക്കുന്നതോടുകൂടി ഈ ഗവൺമെന്റിന്റെ കാലത്ത് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 5 ഗവൺമെന്റ് സ്കൂളുകൾക്കും പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞു എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുകയാണെന്നും എംഎൽഎ അറിയിച്ചു.
