നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി.
എരുമേലി : ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിയതോടെ നിയന്ത്രണം വിട്ട കാർ റോഡരികിൽ വീടിന്റെ മുന്നിലെ കടയുടെ ഷെഡ് തകർത്തു തിണ്ണയിലേക്ക് പാഞ്ഞു കയറി അപകടം. കഴിഞ്ഞയിടെ താമസം മാറിയത് മൂലം വീട്ടിലും കടയിലും ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ പുലർച്ചെ രണ്ടരയോടെ എരുമേലിക്കടുത്ത് ചരളയിൽ ആണ് അപകടം. തടത്തിപ്പറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് കാർ പാഞ്ഞുകയറിയത്. വീടിന്റെ മുൻഭാഗത്തുള്ള കടയുടെ ഷെഡും വീടിന്റെ തിണ്ണയും കാറിന്റെ മുൻഭാഗവും പൂർണമായും തകർന്നു. ഈ കടയിലെ ഷെഡിലായിരുന്നു സ്ഥിരമായി ഷാജിയുടെ പ്രായമായ മാതാവ് കട നടത്തി കഴിഞ്ഞിരുന്നത്. പതിവായി കടയിലാണ് രാത്രിയിൽ ഉറങ്ങുക. കഴിഞ്ഞ ദിവസം അമ്മയും കുടുംബവുമായി ഷാജി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇത് രക്ഷയായെന്ന് നാട്ടുകാർ പറഞ്ഞു.
പത്തനാപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവർ ഇടുക്കി ജില്ലയിൽ പോയി മടങ്ങുകയായിരുന്നു. അപകടം അറിഞ്ഞ് എരുമേലി പോലിസ് സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിയതാണ് അപകടം സൃഷ്ടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
