KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വനിതശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു .കാഞ്ഞിരപ്പള്ളി കാളകെട്ടി കുടുംബാരോഗ്യകേന്ദ്രത്തിൽ കാഞ്ഞിരപള്ളി ബ്ലോക് പഞ്ചായത്ത് പുതുതായി നിർമ്മിച്ച പുതിയ മന്ദിരവും, ഒരു കോടി 65 ലക്ഷം രുപ ചെലവിട്ട് സംസ്ഥാന സർക്കാരും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 5 ലക്ഷം രൂപയും ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് നിർമ്മിച്ച കെട്ടിടവുമാണ് മന്ത്രി ഉദ്‌ഘാടനം ചെയ്തത് .

ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ, വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ, ഷമീം അഹമ്മദ്, അജിതാ രതീഷ്, ജെസി ഷാജൻ, ജോളി മടുക്കക്കുഴി, ഷക്കീലാ നസീർ, റാണി ടോമി, റിജോ വാളാന്തറ, ബിജു ചക്കാല, മഞ്ജു മാത്യു, വി എൻ രാജേഷ്, വി പി ഇസ്മായിൽ, അഡ്വ: എം എ ഷാജി, ഷാജൻ മണ്ണംപ്ലാക്കൽ, ഷമീർ ഷാ അഞ്ചിലിപ്പ, പി എ താഹ, നാസർ കോട്ടവാതുക്കൽ, കെ എച്ച് റസാഖ്, ശ്വേത ശിവദാസൻ, രജ്ഞിനി രാജേഷ് എന്നിവർ സംസാരിച്ചു.

ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കാളകെട്ടി പൊട്ടംകുളം കുടുംബം വിട്ട് നൽകിയ ഭൂമിയിൽ ഒറ്റമുറിയിലായി ആരംഭിച്ചതാണ് കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം പിന്നീട് വി.എസ്. അച്ചുതാനന്ദൻ ഗവൺമെന്റിന്റെ കാല ഘട്ടത്തിലാണ് വി.പി.ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നിലവിലുള്ള PHC കെട്ടിടം നിർമ്മിക്കുകയും അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ബഹു. PK ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. പിന്നീട് 2016 ൽ പിണറായി വിജയൻ സർക്കാർ ആരോഗ്യ മേഖലയിൽ തുടങ്ങി വച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന് തീരുമാനിക്കുകയും അതിനാവശ്യമായ നടപടികൾ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നിർദ്ദേശത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി പദ്ധതിയിൽ ഉൾപ്പെടുത്തി ഹെൽത്ത് ഗ്രാന്റിൽ നിന്നും 1 കോടി 68 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർന്ന് 2021 ലെ രണ്ടാം പിണറായി വിജയൻ സർക്കാർ ഈ പദ്ധതി ടെണ്ടർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് 2023 ഫെബ്രുവരി 17 ന് നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഇപ്പോൾ ഈ പദ്ധതി പൂർത്തിയാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി 14 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുകയും നിർമ്മാണ പ്രവർത്തനം പൂർത്തികരണ ഘട്ടത്തിലുമാണ് എത്തി നിൽക്കുന്നത്.

പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ ജനകീയമായി മാറും. ലാബ് ഉൾപ്പെടുന്ന എല്ലാ വിധ സൗകര്യവും ഇതിനോടനുബന്ധിച്ച് ഏർപ്പെടുത്തുന്നതാണ്. ഭാവിയിൽ ഒന്നിലധികം ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുന്നതിന് കഴിയും . മികച്ച ഫാർമസി സൗകര്യവും ഇ-ഹെൽത്ത് സംവിധാനവും നടപ്പാക്കുന്നതോടെ പൊതു ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം കാളകെട്ടി മെയിൻ സബ് സെന്റർ കെട്ടിട നിർമ്മാണത്തിനായി 55 ലക്ഷം രൂപ കൂടി ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് ഈ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതോടെ കുടുംബാരോഗ്യ കേന്ദ്രം ശിശു-വനിത – വയോജന ക്ഷേമവും ഉറപ്പാക്കുന്നതിന് കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!