രജിസ്ട്രേഷൻ പുതുക്കാൻ അവസരം നൽകണം ; കേരള കർഷക യൂണിയൻ (എം) മണ്ഡലം കമ്മിറ്റി
മുണ്ടക്കയം: റബർ ഉൽപ്പാദന ഇൻസെന്റീവ് പദ്ധതിയിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് അതിനുള്ള അവസരം നൽകണമെന്ന് കേരള കർഷക യൂണിയൻ (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബർ ഉൽപ്പാദന ഇൻസെന്റീവ് പദ്ധതിയിൽ താങ്ങുവില കിലോയ്ക്ക് 200 രൂപയായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനമെന്ന് യോഗം വിലയിരുത്തി.
റബർ കർഷകരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ ഈ വർദ്ധനവ് സഹായകമാവുമെന്നും, കർഷക താൽപര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരിന്റെ നടപടികൾ സ്വാഗതാർഹമാണെന്നും യൂണിയൻ പ്രസ്താവിച്ചു.
സർക്കാർ പ്രഖ്യാപിച്ച പുതിയ ജനക്ഷേമ പദ്ധതികളേയും യോഗം സ്വാഗതം ചെയ്തു. കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് അജി വെട്ടുകല്ലാംകുഴി അധ്യക്ഷത വഹിച്ചു കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ചാർലി കോശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കച്ചൻ കാരക്കാട്ട്, തോമസ് പാലുക്കുന്നേൽ, ജോസ് കലൂർ, ജോസ് നടുപറമ്പിൽ വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മോളി ദേവസ്യ വാഴപ്പനാടി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡോമിനിക്, പഞ്ചായത്തംഗം ബിൻസി മാനുവൽ, മണ്ഡലം ജനറൽ സെക്രട്ടറി ചാക്കോ റ്റി.ജെ, കെ ടി യു സി (എം) മണ്ഡലം പ്രസിഡൻ്റ് അനിയാച്ചൻ മൈലപ്ര തുടങ്ങിയവർ പ്രസംഗിച്ചു.
