അപകടം പതിവായതോടെ, ശബരിമല തീർത്ഥാടകരുടെ വാഹന ഡ്രൈവർമാർക്ക് ബോധവത്കരണവുമായി മോട്ടോർ വാഹനവകുപ്പും പോലീസും.
എരുമേലി : ശബരിമല സീസണിൽ അപകടങ്ങൾ തുടർച്ചയായി മാറുന്ന എരുമേലി പമ്പ റോഡിലെ കണമലയിലും മുണ്ടക്കയം റോഡിലെ കണ്ണിമലയിലും കഴിഞ്ഞ ദിവസങ്ങളിൽ അപകടങ്ങൾ ഉണ്ടായതിന്റെ ഗൗരവം ഡ്രൈവർമാർക്ക് പകരുന്നതിനായും, ശബരിമല തീർഥാടകരുടെ യാത്ര സുരക്ഷിതമാക്കുവാനും ബോധവത്കരണവും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പും പോലീസും. സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കണ്ണിമല, കണമല അപകടമേഖലകളിലാണ് അയ്യപ്പഭക്തരുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ടീമും പോലീസും സുരക്ഷിതയാത്രാ മുന്നറിയിപ്പ് നൽകുന്നത്.
റോഡിലെ അപകട സാധ്യത സംബന്ധിച്ച് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തീർഥാടക വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നോട്ടീസ് വിതരണം ചെയ്യുന്നുണ്ട്.
ശബരിമല റോഡുകളിൽ വളവുകളും വലിയ കയറ്റങ്ങളും ഇറക്കങ്ങളും ആയതിനാൽ വാഹനത്തിന്റെ വേഗത കുറച്ച് ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ഗിയറുകളിൽ മാത്രമേ വാഹനം ഓടിക്കാവൂ എന്ന സന്ദേശമാണ് ഡ്രൈവർമാർക്ക് നൽകുന്നത്.
എരുമേലി പ്രദേശത്തുള്ള പാർക്കിങ് ഗ്രൗണ്ടുകളിലും നോട്ടീസ് വിതരണം നടത്തി. എരുമേലി സേഫ് സോൺ കൺട്രോൾ റൂം എംവിഐ ബി. ജയപ്രകാശ്, എസഎച്ച്ഒ ഇ.ഡി. ബിജു, മനോജ് കുമാർ, എസ്ഐ വി.എസ്. ഗിരീഷ്‌കുമാർ, ജോണി തോമസ്, ബിജു, എഎംവിഐമാരായ എം.എ സ്. രാജേഷ്, വിഷ്ണു ജെ. നായർ, എസ്. ജിതിൻ, എസ്. രോഹിത്, മാനവ് സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
