KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല തിരക്കിൽ എരുമേലി സ്തംഭിച്ചു : കാനനപാത അടച്ചു; റോഡുകളെല്ലാം ഉപരോധിച്ച് ഭക്തർ ; പ്രദേശവാസികൾ ദുരിതത്തിൽ..

എരുമേലി : ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം അനിയന്ത്രിതമായ തിരക്ക് ഉണ്ടായതിനെ തുടർന്ന് എരുമേലിയിൽ റോഡുകളിൽ പലയിടത്തും അയ്യപ്പഭക്തരെ ശബരിമലയിലേക്ക് വിടാതെ പോലിസ് തടഞ്ഞിട്ടു. ഉച്ചയോടെ കാനനപാത അടച്ചു. ഇതോടെ റോഡ് മാർഗം വഴിയായി ശബരിമല യാത്ര. എന്നാൽ ഇവിടെയും പോലിസ് തടഞ്ഞിട്ടു.

ആദ്യം ഇതിനെതിരെ ചെറിയ തോതിൽ എതിർത്ത ഭക്തർ പിന്നെ തിരിച്ചു പ്രതികരിച്ചത് റോഡുകൾ ഉപരോധിച്ചായിരുന്നു. ഇതോടെ പോലീസിന്റെ നീക്കം പാളി. ഭക്തരുടെ ഉപരോധത്തെ തുടർന്ന് പോലിസ് പെട്ടന്ന് തന്നെ മറ്റൊരു നീക്കം സ്വീകരിച്ചു. ഉപരോധം നടത്തുന്ന സ്ഥലത്ത് സംഘർഷ സ്ഥിതി ആകുമ്പോൾ ഭക്തരെ കടത്തി വിടുകയും അടുത്ത ജങ്ഷനിൽ ഭക്തർ എത്തുമ്പോൾ അവിടെ തടഞ്ഞിടുകയും എന്ന രീതിയിൽ പോലിസ് നടപടി സ്വീകരിച്ചു. അടുത്ത ജങ്ഷനിൽ പോലിസ് വീണ്ടും തടയുന്നത് കണ്ടതോടെ ഭക്തർ അവിടെയും റോഡ് ഉപരോധിച്ചു. ഇങ്ങനെ എരുമേലിയിലെ ശബരിമല പാതയിൽ പലയിടത്തും പോലിസ് തടഞ്ഞപ്പോൾ അവിടെയെല്ലാം ഉപരോധം നടത്തി ഭക്തർ ഒടുവിൽ എരുമേലിയുടെ അതിർത്തി താണ്ടി പമ്പ ശബരിമല പാതയിൽ പ്രവേശിച്ചത് മണിക്കൂറുകളോളം കഴിഞ്ഞാണ്.

രാവിലെ എരുമേലിയിൽ തടയപ്പെട്ട ഭക്തർ വൈകുന്നേരം കഴിഞ്ഞാണ് എരുമേലിയുടെ അതിർത്തി അവസാനിക്കുന്ന കണമലയിൽ എത്തിയത്. മണിക്കൂറുകളോളം ഭക്തരെ റോഡിൽ വൈകിപ്പിക്കുന്നതിലേക്ക് പോലിസ് നടപടി മാറിയത് ശബരിമലയിലെ തിരക്കിന് അയവുണ്ടാകാൻ വേണ്ടിയായിരുന്നെന്ന് പോലിസ് പറഞ്ഞു.

കോട്ടയം ജില്ലാ പോലിസ് മേധാവി ഷാഹുൽ ഹമീദ് ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയും എരുമേലി പോലിസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് പോലിസ് നടപടികൾക്ക് നേരിട്ട് നേതൃത്വം നൽകിയത്. ഭക്തരെ കയ്യേറ്റം ചെയ്യുകയോ മോശമായി സംസാരിക്കുകയോ പോലിസ് ചെയ്യരുതെന്നും അനുനയത്തോടെ ഇടപെടണമെന്നും ഭക്ഷണം, വെള്ളം, പ്രാഥമിക കൃത്യ നിർവഹണം അടക്കം സൗകര്യം ഭക്തർക്ക് ലഭ്യമാകാൻ പോലിസ് സഹായിക്കണമെന്നും ജില്ലാ പോലിസ് മേധാവി പ്രത്യേകമായി നിർദേശം നൽകിയിരുന്നു. എന്നാൽ ചില പോലിസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് ഭക്തർ പരാതി പറഞ്ഞു. ശബരിമല ദർശനത്തിന് ഓൺലൈൻ വിർച്വൽ ക്യൂ വഴി പാസ് ലഭിച്ച നിരവധി ഭക്തർ ഉൾപ്പടെയാണ് എരുമേലിയിൽ തടയപ്പെട്ടത്.

നാട് മൊത്തം കുരുക്ക്.

റോഡുകൾ ഉപരോധിച്ച് ഭക്തർ പ്രതിഷേധിച്ചത് മണിക്കൂറുകളോളമാണ്. മുഴുവൻ വാഹനങ്ങളും ഇതോടെ ഭക്തരുടെ ഉപരോധത്തിൽപെട്ടു കിടന്നു. ഇത് പോലീസിന്റെ നടപടികൾക്ക് തിരിച്ചടിയായി മാറി. ആംബുലൻസുകൾ മാത്രമാണ് കടത്തി വിടാൻ ഭക്തർ അനുവദിച്ചത്. തങ്ങളെ വിടുന്നില്ലങ്കിൽ റോഡിൽ ഒരു വാഹനവും സഞ്ചരിക്കാൻ അനുവദിക്കില്ലന്ന നിലപാടിൽ ഭക്തർ ഉറച്ചു നിന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഒരുമിച്ചു പോലീസിനെതിരെ കടുത്ത പ്രതിഷേധം സൃഷ്ടിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയിലേക്ക് മാറിയതോടെ ഭക്തരുടെ വാഹനങ്ങൾ പോലിസ് കടത്തി വിട്ടെങ്കിലും അടുത്ത ജങ്ഷനിൽ ഡ്യൂട്ടിയിലുള്ള പോലിസ് ഇതേ വാഹനങ്ങൾ അവിടെയും തടഞ്ഞിട്ടു. ഇങ്ങനെ എരുമേലിയിലെ ശബരിമല പാതയിൽ പലയിടത്തും ഭക്തരെ തടഞ്ഞ് ശബരിമലയിലെ തിരക്കിന് അയവ് വരുമ്പോൾ എരുമേലിയിലെ അതിർത്തി വരെ തടഞ്ഞിടുകയെന്ന നിലയിലേക്ക് പോലിസ് നടപടികൾ നീങ്ങി. ഭക്തരെ പോലിസ് തടയുമ്പോൾ കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പടെ മുഴുവൻ വാഹനങ്ങളും ഭക്തർ തടയുകയായിരുന്നു.

error: Content is protected !!