KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം പടപ്പാടി തോടിനു കുറുകെ പാലം നിർമാണത്തിന് തുടക്കം ; ആശ്വാസം ലഭിക്കുന്നത് ഒറ്റപ്പെട്ട ഒട്ടേറെ കുടുബങ്ങൾക്ക് ..

പാറത്തോട് : പഞ്ചായത്ത് 16 ആം വാർഡിൽ, പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളേജിന്റെ പിന്നിലൂടെ ഒഴുകുന്ന പടപ്പാടി തോടിന്റെ മറുകരയിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇരുപതോളം കുടുംബങ്ങൾക്ക് ഇനി ആശ്വസിക്കാം. നാഷണൽ ഹൈവേ അവർക്ക് നോക്കിയാൽ കാണാവുന്ന ദൂരത്താണ് (NH 183). പക്ഷേ പടപ്പാടി തോട് കടക്കാൻ പാലം ഇല്ലാത്തതു മൂലവും പ്രദേശത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാലും അവർ കാലങ്ങളായി ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. കാൽനട മാത്രമായിരുന്നു അവരുടെ ഏക ആശ്രയം. ഇവരിൽ നാല് കുടുംബങ്ങളിൽ ശയ്യാവലംബികളായ കിടപ്പു രോഗികളും ഉണ്ട് . അവരെയൊക്കെ എടുത്തുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഈ ദുരിത സാഹചര്യത്തിൽ പ്രദേശവാസികൾ നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് പടപ്പാടി തോടിന് കുറുകെ പാലം നിർമ്മിക്കുകയാണ്. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം വി.എം.ഷാജഹാൻ, വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, വിജയമ്മ വിജയലാൽ, കെ. എ.അബ്‌ദുൽ അസീസ്, വിഭന്യ വിജയൻ, ജാക്വിലിൻ സെബാസ്റ്റ്യൻ, സരിത പ്രസാദ്, കെ.കെ നിഷമോൾ, മേഴ്‌സി പ്രഭാകരൻ സുമിന അലിയാർ, വിൻസെന്റ് കുളത്തുങ്കൽ, രേണുക സാബു, മാർട്ടിൻ തോമസ്, ഷാലിമ്മ ജെയിംസ് , ജോർജുകുട്ടി ആഗസ്‌തി, പി കെ.വിജയകുമാർ, തോമസ് കട്ടയ്ക്കൽ, രഞ്ജിത്ത്, വസന്ത് തെങ്ങുംപള്ളി, പി.എ.റഷീദ് എന്നിവർ പ്രസംഗിച്ചു.

പാലം നിർമിക്കുന്നതോടെ പാറത്തോട് ടൗണിനും മേരിമാതാ മൈനർ സെമിനാരിക്കും ഇടയിലായി താമസിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്കു സുഗമമായ ഗതാഗത സൗകര്യം ലഭ്യമാകും.

error: Content is protected !!