KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഴൂർ പഞ്ചായത്തിന്റെ അപകടാവസ്‌ഥയിലായിരുന്ന പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ ഷെയ്‌ഡ് പൊളിഞ്ഞുവീണു ; ആളപായമില്ല.

കൊടുങ്ങൂർ : വാഴൂർ പഞ്ചായത്തിന്റെ അപകടാവസ്‌ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ പിൻഭാഗത്തെ ഷെയ്‌ഡ് പൊളിഞ്ഞുവീണു; ആളപായമില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണു സംഭവം. ഇതോടെ കമ്യൂണിറ്റി ഹാളിലേക്ക് പോകുന്ന ഗേറ്റ് അടച്ചു. ഷോപ്പിങ് കോംപ്ലക്സിൽ നിന്ന് ഒഴിയാൻ ബാക്കി ഉണ്ടായിരുന്ന വ്യാപാരി ഇന്നലെ മാറി. ഇന്നലെ വൈകിട്ടും കെട്ടിടത്തിന്റെ കട്ടകൾ അടർന്നുവീണു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കെകെ റോഡിന്റെ വശത്തും കെട്ടിടത്തിന്റെ പിൻഭാഗത്തും കയർ കെട്ടി വേലി സ്‌ഥാപിച്ചിട്ടുണ്ട്.

കോംപ്ലക്‌സ് പൊളിച്ചു മാറ്റുന്നതിന് എഞ്ചിനീയറിംഗ് വിഭാഗം തയാറാക്കിയ വിശദമായ റിപ്പോർട്ടും എസ്റ്റിമേറ്റും പഞ്ചായത്ത് ജോയിന്റ് ഡയറക്‌ടർ മുഖാന്തിരം തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചിരുന്നു. എന്നാൽ അനുമതി ലഭിക്കുന്നതിനു കാലതാമസം വന്നതിനാൽ പൊളിക്കൽ നീണ്ടു പോകുകയാണ്. കെട്ടിടം പൊളിക്കാൻ 4 ലക്ഷം രൂപയോളം ചെലവാകും. പൊളിക്കുമ്പോൾ 2 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ ലഭിക്കും എന്ന് കരുതുന്നു. ബാക്കി തുക പഞ്ചായത്ത് കരാറുകാരനു നൽകാനാണ് തീരുമാനിച്ചത്.

എന്നാൽ കെട്ടിടം പൊളിക്കാൻ തദ്ദേശ ഭരണ വകുപ്പിന്റെ അനുമതിക്കായി അയച്ച കത്ത് ധനകാര്യ വകുപ്പിലേക്ക് അയച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഫയൽ തിരിച്ചെത്തിയാൽ മാത്രമേ പഞ്ചായത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളൂ.

30 വർഷം മുൻപു നിർമിച്ച 3 നില ഷോപ്പിങ് കോംപ്ലക്സ‌ിന്റെ മുകളിലെ നിലയിൽ ചോർച്ച ഉണ്ടായതോടെ കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയിരുന്നു. ഇതോടെ 8 വർഷം മുൻപ് കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ 15 ലക്ഷം രൂപ വകയിരുത്തി കരാർ നൽകി. എൻജിനീയറിങ് വിഭാഗം കെട്ടിടം പൊളിച്ചു മാറ്റണമെന്നു നിർദേശിച്ചതോടെ അറ്റകുറ്റപ്പണി നടത്താനുള്ള പദ്ധതി ഒഴിവാക്കി.

error: Content is protected !!