KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിധവയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ

പൊൻകുന്നം: വിധവയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്.
ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽ വെച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്.വിഷ്ണു(48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ചിറക്കടവ് സ്വദേശിയായ വിഷ്ണു ഇളങ്ങുളം എസ്എൻഡിപി ജങ്ഷനിൽ വാടകവീട്ടിലാണ് താമസം.

ചിറ്റടി സ്വദേശിയാണു പരാതി നൽകിയത്. ഈ വ്യക്തിയുടെ സഹോദരീഭർത്താവിന്റെ മരണ ശേഷം സ്‌ഥലം സഹോദരിയുടെ പേരിലാക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. പോക്കുവരവു ചെയ്യാനുള്ള അപേക്ഷയിൽ തീരു മാനമെടുക്കാതെ വില്ലേജ് ഓഫിസർ പല തടസ്സങ്ങളും പറഞ്ഞു മടക്കി അയച്ചു കൊണ്ടിരുന്നു . ഇതിനിടെ താൽക്കാലികമായി പകരം ചുമതലയേറ്റ പ്രത്യേക വില്ലേജ് ഓഫിസർ ഫയൽ മുന്നോട്ടുനീക്കിയെങ്കിലും അപേക്ഷകനു സർട്ടിഫിക്കറ്റ് നൽകാൻ വിഷ്ണു തയാറായില്ലെന്നാണു പരാതി. അപേക്ഷകൻ നേരിട്ടെത്തി സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്നു പറഞ്ഞതോടെ 1000 രൂപ വിഷ്ണു കൈക്കൂലിയായി വാങ്ങുകയും സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ 000 രൂപ കൊണ്ടുവരാൻ നിർദേശിക്കുകയും ചെയ്തു. ഈ വിവരം അപേക്ഷകൻ വിജിലൻസിൽ അറിയിക്കുകയായിരുന്നു.

വിജിലൻസ് സംഘം നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ രൂപാ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. ഇതേസമയം തന്നെ സംഘം ഓഫീസിലെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് പാന്റിന്റെ പോക്കറ്റിൽ നിന്ന് പണം കണ്ടെടുത്തു. പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
വിജിലൻസ് ഈസ്റ്റേൺ റേഞ്ച് സൂപ്രണ്ട് ആർ.ബിനുവിന്റെ നിർദേശാനുസരണം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി.ആർ.രവികുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വില്ലേജ് ഓഫീസർ പിടിയിലായതോടെ ഇയാളുടെ പേരിൽ നിരവധി പേരാണ് പരാതികളുമായി പോലീസിനെ സമീപിക്കുന്നത്. കൈക്കൂലി നൽകാതെ വില്ലേജ് ഓഫീസർ ഒരു കാര്യവും നടത്താറില്ലായിരുന്നുവെന്നാണ് പരതിക്കാർ പറയുന്നത്

error: Content is protected !!