KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തോട്ടങ്ങൾ ഉണക്കിലേക്ക്; തീ പേടിയിൽ മലയോരം

കാഞ്ഞിരപ്പള്ളി : ചൂടേറിയതോടെ മലയോരമേഖലയിൽ തീപിടിത്തങ്ങൾ പതിവായുണ്ടാകുന്നു. വ്യാഴാഴ്ച രണ്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് സമീപത്തെ പുരയിടത്തിൽ നി പടർന്ന് ഒരേക്കറോളം കത്തി നശിച്ചു. ഉച്ചയ്ക്ക് 2.30-തോടെയാണ് തോട്ടത്തിൽ തീപടർന്നത്. സ്‌കൂൾ അധികൃതർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പടർന്നതോടെ അഗ്നിരക്ഷാസേനയെത്തിയാണ് തിയണച്ചത്.

മുണ്ടക്കയം മണിക്കല്ല് ടി ആർആൻഡ്‌ടി എസ്‌റ്റേറ്റിൽ കാടുപിടിച്ച് കിടന്ന തോട്ടത്തിൽ തീ പടർന്ന് ഒരേക്കറോളം കത്തിനശിച്ചു. രണ്ടിടങ്ങളിലും നാശമില്ല.

ജനുവരി 22 വരെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിന് കീഴിൽ വരുന്ന പ്രദേശത്ത് മാത്രം 30 ലധികം തിപി ടിത്തങ്ങളാണുണ്ടായത്. വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏക്കറുകണക്കിന് തോട്ടങ്ങളാണ് കത്തി നശിച്ചത്. ഏറെയും കാടുപിടിച്ച് തോട്ടങ്ങളിലാണ് തീപിടിത്തങ്ങളുണ്ടായിട്ടുള്ളത്. ചൂടുകൂടിയതും അശ്രദ്ധയുമാണ് തീപിടിത്തങ്ങൾ കൂടാനുള്ള കാരണം. വേനലിന്റെ തുടക്കത്തിൽത്തന്നെ തീപിടിത്ത സംഭവങ്ങൾ കൂടിയതോടെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നത്.

വനാതിർത്തി പ്രദേശങ്ങളാലും റബ്ബർ എസ്റ്റേറ്റുകളാലും വ്യാപിച്ചുകിടക്കുന്നതാണ് മലയോര മേഖല, റബ്ബറിന്റെ ഇല പൊഴിച്ചിൽ ആരംഭിച്ചതിനാൽ റബ്ബർ തോട്ടങ്ങളിൽ ചെറിയ തീ പിടിച്ചാൽ പോലും പടരാനുള്ള സാധ്യതയേറെയാണ്. കാട് മൂടിക്കിടന്നിരുന്ന തോട്ടങ്ങൾ മഴനിലച്ചതോടെ ഉണങ്ങി നിൽക്കുകയാണ്. ഒരു തീപ്പൊരി വീണാൽ തോട്ടം മുഴുവൻ കത്തുന്ന സ്ഥിതിയിലേക്ക് മാറി . കഴിഞ്ഞവർഷം രണ്ടിട ങ്ങളിൽ റബ്ബർ തോട്ടത്തിനുള്ളിൽ കുടി കടന്നുപോകുന്ന വൈദ്യുതിലൈനിൽ നിന്നും തീപ്പൊരി വീണ് തോട്ടം കുത്തി നശിച്ചിരുന്നു. വനമേഖലകളിൽ തീപിടിച്ചാൽ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയേയും ബാധിക്കും. കാട്ടിനുള്ളിൽ നിന്ന് ജനവാസമേഖലയിലേക്ക് അവ ഇറങ്ങുന്നതിനും കാരണമാകും.

മുൻകരുതലെടുക്കാം

. തോട്ടങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിൽ ഫയർലൈനുകൾ സ്ഥാപിക്കണം.

. പകൽ സമയങ്ങളിൽ മാലിന്യങ്ങളും ഉണങ്ങിയ ഇലകളും കത്തിക്കുന്ന ത് ഒഴിവാക്കണം.

കത്തിച്ചച്ച സിഗററ്റുകളും തീയും അശ്രദ്ധമായി വലിച്ചെറിയരുത്. പുകപ്പുരകളിൽ തീയിടുന്നതിന്റെ അളവ് കുറയ്ക്കുക.

ചപ്പുചവറുകൾ കത്തിക്കുകയാണെങ്കിൽ ഒരു ബക്കറ്റ് വെള്ളം കരുതണം.

തീയിട്ടശേഷം പൂർണമായും അണച്ചുവെന്ന് ഉറപ്പാക്കണം.

വീടുകളിലും വേണം കരുതൽ :
വീടുകളുടെ അടുക്കളയിൽ റബ്ബർ ഷീറ്റ് ഉണങ്ങാൻ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. പകൽ സമയങ്ങളിൽ കനത്ത ചൂടുള്ളതിനാൽ ചെറിയ തീപ്പൊരികൾ പോലും വീട് പൂർണമായും കത്തിനശിക്കുന്നതിന് ഇടയാക്കും. ഇലക്ട്രിക് ഉപകരണങ്ങളിലെയും വീടിന്റെ വയറുകളിലും ഷോർട്ട് സർക്യൂട്ടുകളുണ്ടാകാതിരിക്കാനും മുൻകരുതലുകൾ എടുക്കണം.

error: Content is protected !!