പൊൻകുന്നത്ത് നിയന്ത്രണം വിട്ട വാൻ സ്‌കൂട്ടർ ഇടിച്ചുതകർത്ത് പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..
പൊൻകുന്നം : ദേശീയ പാതയിൽ, പൊൻകുന്നം KSEB ഓഫീസിന് സമീപത്തുള്ള പച്ചക്കറി കടയിലേക്ക് മാരുതി ഓമ്നി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനും വാനിൽ ഉണ്ടായിരുന്ന കുട്ടികൾക്കും സ്ത്രീകളടക്കമുള്ളവർക്കും പരിക്കുപറ്റി .
കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന കുമളി സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. ദേശിയ പാതയിലൂടെ വരുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് ആദ്യം മുൻപിൽ ഉണ്ടായിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് മറ്റൊരു കാറിലിടിച്ച ശേഷം റോഡരികിലെ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊൻകുന്നം ശാന്തി ആശുപത്രി പടിക്കൽ ഉള്ള കോഴിക്കടയിലെ ജീവനക്കാരൻ ജമാലിനാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ വാൻ ഇടിച്ചു പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇരു കാലുകൾക്കും ഒടിവുണ്ട്. ജമാലിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
വാനിൽ ഉണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരുക്കുണ്ട്. ഇവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അപകടം സമയം പച്ചക്കറി കടയിൽ ആളുകൾ ഇല്ലായിരുന്നതും ജീവനക്കാർ കടക്ക് പുറത്തായിരുന്നതിനാലും വലിയ ഒരു അപകടം ഒഴിവായി. മാന്തറ റോഡിലേക്ക് തിരിയുന്ന താന്നിമൂട് ഭാഗത്താണ് അപകടം നടന്നത്..
