KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

1

ഇൻഷുറൻസ് തീർന്നിട്ട് മണിക്കൂറുകൾ മാത്രം…കാഞ്ഞിരപ്പള്ളിയിൽ വച്ച് കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് കാറുടമയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

കാഞ്ഞിരപ്പള്ളി : തലേദിവസം അർധരാത്രി വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന കാർ, അടുത്ത ദിവസം അപകടത്തിൽപ്പെട്ടതോടെ, മുഴുവൻ ഇൻഷുറൻസ് തുകയും കാറുടമയും ഡ്രൈവറും നൽകണമെന്ന് കോടതിവിധി . അപകടത്തിൽ പെട്ടപ്പോൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ച കേസിൽ വാഹന ഉടമസ്ഥയും ഡ്രൈവറും കൂടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി ഉത്തരവായി. 2023 മാർച്ച് 27നു വൈകിട്ട് 4.25 നാണ് കേസിനാസ്പദമായ അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു മുൻപിൽ ദേശീയ പാതയിൽ വച്ചാണ് അപകടം സംഭവിച്ചത് .

നട്ടാശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ. വേണു (19) ആണ് അപകടത്തിൽ മരിച്ചത്. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ കൊഴിയാത്താനത്തു സമീർ മാൻസിൽ വീട്ടിൽ ബിനീതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇത് ഓടിച്ചിരുന്നത് മകൻ നബീൽ ബഷീർ ആണ്. ഇവർ രണ്ടു പേരും ചേർന്നു നഷ് ടപരിഹാരത്തുക നൽകണമെന്നാണ് അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി എസ്. സുഭാഷി ന്റെ ഉത്തരവിലുള്ളത്.

കോട്ടയം -കുമളി എൻ എച്ച് 183 റോഡിൽ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്ക് തെറ്റായ ദിശയിൽ കയറിവന്ന വന്ന കാർ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു മുൻപിൽ എത്തിയപ്പോൾ എതിരെ വന്ന ബൈക്കിൽ ഇടിച്ചുവെന്നാണ് കേസ്. കാറിനു തലേദിവസം അർധരാത്രി വരെ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അനന്തുവിന്റെ മാതാപിതാക്കൾ നഷ്ടപരിഹാരത്തിനായി ഹർജി നൽകുകയായിരുന്നു. ഹർജിക്കാർക്കുവേണ്ടി അഡ്വ. വി.ബി. ബിനു കോടതിയിൽ ഹാജരായി.

error: Content is protected !!