KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എംഎൽഎ ശക്തമായി ഇടപെട്ടു ; നിർത്തിയ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു ; നന്ദിയോടെ യാത്രക്കാർ ..

എരുമേലി : ഇല്ലാത്ത നഷ്ടം ആരോപിച്ച് അധികൃതർ നിർത്തിയ എരുമേലി – വൈറ്റില ഹബ്ബ് കെഎസ്ആർടിസി ബസ് സർവീസ് ഒടുവിൽ ശക്തമായ ജനകീയ ഇടപെടൽ മൂലം നിവൃത്തി ഇല്ലാതെ പുനരാരംഭിച്ചു. എരുമേലിയിൽ നിന്നും എറണാകുളം വൈറ്റിലയിലേക്കുള്ള ബസ് ആണ് അധികൃതർ നിർത്തിയത്. ഉദ്യോഗസ്ഥരിൽ ചിലർ ഇത് സ്വകാര്യ ബസ് ഉടമകളുമായുള്ള ബന്ധം മൂലം നിർത്തി എന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് നേരിട്ടും അല്ലാതെയും ഒട്ടേറെ പരാതികൾ ലഭിച്ചു. എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ നടന്ന അട്ടിമറി ആണ് ജനകീയ സർവീസ് നിർത്തിയതെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർത്തിയ ബസ് സർവീസ് ആരംഭിക്കാൻ മന്ത്രി തലത്തിൽ വരെ ഇടപെട്ടതിന് ഒടുവിൽ അനുകൂല തീരുമാനമാകുകയായിരുന്നു.

മുക്കൂട്ടുതറ, പമ്പാവാലി, കാളകെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായ സർവീസ് വെള്ളിയാഴ്ച ആണ് പുനരാരംഭിച്ചത്. എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദ്യ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പുലർച്ചെ നാലരയ്ക്ക് എരുമേലിയിൽ നിന്നും മുക്കൂട്ടുതറ, പമ്പാവാലി, 504 കോളനി,പുഞ്ചവയൽ വഴി മുണ്ടക്കയത്ത് എത്തി രാവിലെ 6.10 ന് മുണ്ടക്കയത്ത് നിന്നും പറത്താനം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട വഴി സർവീസ് തുടരുന്ന ബസ് രാവിലെ 10.00 മണിക്ക് വൈറ്റിലയിൽ എത്തും.തിരികെ 2.15 ന് വൈറ്റിലയിൽ നിന്നും പാലാ,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി, റാന്നി വഴി പത്തനംതിട്ടയ്ക്ക്‌ ആണ് സർവീസ്.വൈകിട്ട് 7.00 മണിക്ക് പത്തനംതിട്ടയിൽ നിന്നും എരുമേലിക്ക്‌ ഓപ്പറേറ്റ് ചെയ്യുന്ന ട്രിപ്പ് എട്ട് മണിയോടെ എരുമേലിയിൽ അവസാനിക്കും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ പൊൻകുന്നം എടിഒ എസ്.അനിൽ കുമാർ, എരുമേലി സെന്റർ ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി പാലക്കാട്ട്,വിവിധ തൊഴിലാളി യൂണിയൻ ഭാരവാഹികളായ അനൂപ് അയ്യപ്പൻ, അനസ് അബ്ദുൾ ഷുക്കൂർ, പി. എൻ. മോഹനൻ, എബി ഡേവിഡ്, സഞ്ജു ഫിലിപ്പ് കുരുവിള, എ.എച്ച്. അൻഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!