പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ 14 ന് മെഗാ ജോബ് ഫെയർ
മുണ്ടക്കയം : പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, വിജ്ഞാനകേരളം ഇടുക്കി ജില്ലയും, കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനും, അഴുത ബ്ലോക്ക് പഞ്ചായത്തും, കെ-ഡിസ്‌കും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 14 ന് രാവിലെ ഒൻപത് മുതൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വച്ച് നടക്കും.
അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസ് അധ്യക്ഷനാകും. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ ആർ വിജയൻ ജോബ് ഫെയർ ഉദ്ഘാടനം നിർവഹിക്കും, വിജ്ഞാനകേരളം ഡി.എം.സി റോബിൻ എം.കെ. മുഖ്യ പ്രഭാഷണവും, കുടുംബശ്രീ ഡി.എം.സിഎ മണികണ്ഠൻ പ്രത്യേക സന്ദേശവും നൽകും .
ഇന്ത്യയിലേയും , കേരളത്തിലേയും അൻപതിലധികം പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ എത്തും . ബാങ്കിങ്, ഇൻഷുറൻസ്, ഐ റ്റി., ഹോസ്പിറ്റാലിറ്റി , ഓട്ടോ മൊബൈൽ, ഗാർമെൻറ്സ് ഉൾപ്പെടെയുള്ള കമ്പനികൾ വാഗ്ദാനം ചെയ്യുന്ന രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ജോബ് ഫെയറിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും അവസരം ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലന്വേഷകരുടെ എണ്ണം വർദ്ധിച്ചു വരുന്ന വർത്തമാനകാലത്ത് ജോബ് ഫെയർ ആയിരങ്ങൾക്ക് പ്രയോജനകരമാകും. പത്താം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലവസരങ്ങൾ ഉണ്ടാവും.
പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ജോബ് ഫെയറിലേയ്ക്ക് തൊഴിലന്വേഷകരായ എല്ലാ ഉദ്യോഗാർഥികൾക്കും സ്വാഗതം. പ്രവേശനം സൗജന്യം. ഒരു ഉദ്യോഗാർഥിക്ക് 10 കമ്പനികളിൽ അഭിമുഖത്തിന് അവസരം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും -9562581191, 8281065213 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം
