മണിമല മേജർ കുടിവെള്ള പദ്ധതി അട്ടിമറിച്ചു: ബി.ജെ.പി.
ചെറുവള്ളി: മണിമല മേജർ കുടിവെള്ള പദ്ധതി വർഷങ്ങളായിട്ടും പൂർത്തിയാക്കാൻ കഴിയാത്ത എം.എൽ.എ. ഇപ്പോൾ അങ്ങനെയൊരു കുടിവെള്ള പദ്ധതി ഇല്ല എന്നു പറഞ്ഞ് പദ്ധതി അട്ടിമറിച്ചുവെന്നാരോപിച്ച് ബി.ജെ.പി.ചെറുവള്ളി ഏരിയാകമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി.
കുടിവെള്ള പദ്ധതിക്കായി കറുത്തമഞ്ഞാടിയിൽ നിർമിച്ച ടാങ്കിന് ചുവട്ടിൽ സംസ്ഥാനസർക്കാർ പദ്ധതിക്കായി 95.976 ലക്ഷം രൂപ അനുവദിച്ചു എന്ന് പ്രചാരണം നടത്തിയവർ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തിലെ പ്രശ്‌നമാണെന്ന് പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി.സംസ്ഥാനസെക്രട്ടറി പി.ശ്യാംരാജ് പറഞ്ഞു.
അഞ്ച് വില്ലേജുകളിലെ ജലക്ഷാമത്തിന് പരിഹാരമായി പദ്ധതി ആരംഭിച്ചിട്ട് 30 വർഷമായെന്നും ശ്യാംരാജ് ആരോപിച്ചു.
ഏരിയപ്രസിഡന്റ് ജിൻസ് നല്ലേപറമ്പിൽ അധ്യക്ഷത വഹിച്ചു. മേഖലപ്രസിഡന്റ് എൻ. ഹരി, ജില്ലാ വൈസ്പ്രസിഡന്റ് വി.എൻ. മനോജ്, ജില്ലാ ജനറൽസെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജി.ഹരിലാൽ, മണ്ഡലംപ്രസിഡന്റ് വൈശാഖ് എസ് നായർ, ഏരിയ ജനറൽസെക്രട്ടറി അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, സുമിതാ മോഹൻ, വിഷ്ണു എസ്.നായർ, ലതാ ശ്രീകുമാർ, സൗമ്യാ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
