KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

1

മുണ്ടക്കയത്ത് നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.

മുണ്ടക്കയം : പുലർച്ചെ നാട്ടിലിറങ്ങി ഭീതി പടർത്തിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. മുണ്ടക്കയം ടൗണിന് സമീപം 31-ാം മൈൽ മുണ്ടമറ്റം ഭാഗത്ത് വച്ചാണ് കാട്ടുപന്നിയെ വെടിവെച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അനുമതിയോടെ ലൈസൻസ്ഡ് ഷൂട്ടറായ സജോ വർഗീസാണ് പന്നിയെ വെടിവെച്ചത്.

മുണ്ടമറ്റം പ്രദേശത്തെ ജനങ്ങൾ ഏറെ നാളുകളായി കാട്ടുപന്നി ശല്യത്തിൽ വലയുകയാണ്.

കാട്ടിൽ നിന്നെത്തുന്ന പന്നികൾ മനുഷ്യരെ കണ്ടാൽ ഓടുകയാണ് പതിവ്. പക്ഷേ, നാട്ടിൽ തന്നെ കഴിയുന്ന പന്നികളാണ് അപകടകാരികൾ ആകുന്നത്. രാവിലെ പ്രദേശത്ത് കണ്ട കാട്ടുപന്നി ജനങ്ങളെ കണ്ടിട്ടും ഓടാതെ തുടരുകയായിരുന്നു. അതോടെ പ്രദേശവാസികൾ
പഞ്ചായത്ത് അംഗം, പ്രസിഡന്റ്, വനം വകുപ്പ് എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടിയന്തിരമായി പ്രസിഡന്റ് പന്നിയെ വെടി വയ്ക്കുവാൻ ഓർഡർ ഇടുകയായിരുന്നു.

ആറ് മാസം മുൻപും ഇവിടെ പന്നികളെ വെടിവച്ച് കൊന്നിരുന്നു. രാത്രി കൂട്ടമായി എത്തി കൃഷികൾ നശിപ്പിച്ച് മടങ്ങുകയാണ് ഇവയുടെ പതിവ്. പ്രദേശത്ത് കപ്പ, ചേന പോലെയുള്ള കൃഷി പൂർണമായും നശിച്ച നിലയിലാണ്. ഇതോടെ കർഷകരുടെ പ്രതിഷേധവും വ്യാപകമായിരുന്നു.

വനം അതിർത്തി മേഖലയല്ലെങ്കിലും പ്രദേശത്തെ കാട് പിടിച്ച് കിടക്കുന്ന സ്വകാര്യ സ്‌ഥലങ്ങളിലാണ് ഇവയുടെ താമസം. പന്നികളുടെ ശല്യം വ്യാപകമായതോടെ രാത്രിയും പകലും കുട്ടികളെ വീടിന് പുറത്ത് ഇറക്കാൻ പോലും നാട്ടുകാർ ഭയക്കുകയാണ്.

മലയോര മേഖലയിലെ വിവിധ പഞ്ചായത്ത് പരിധികൾനിന്നായി ഇതുവരെ 97 പന്നികളെ കൊ ന്നൊടുക്കിയതായി ഷൂട്ടർ സജോ വർഗീസ് പറഞ്ഞു. പന്നികളുടെ ആക്രമണത്തിൽ ആളുകൾക്ക് പരുക്കേൽക്കുന്ന സംഭവങ്ങളും മലയോര മേഖലയിൽ നിരവധിയാണ്. പുലർച്ചെ റബർ ടാപ്പിങ്ങിന് പോകുന്ന ആളുകളാണ് പലപ്പോഴും പന്നികളുടെ മുൻപിൽ പെടുന്നത്.

error: Content is protected !!