സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ അമൽജ്യോതിയുടെ ടീം സ്റ്റെല്ലാറിന് മികച്ച നേട്ടം
കാഞ്ഞിരപ്പള്ളി ; കോയമ്പത്തൂർ സൊസൈറ്റി ഓഫ് റേസിംഗ് മൈൻഡ്സ് (CSRM) സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ ഏഴു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നാലു വിഭാഗങ്ങളിൽ മികച്ച വിജയം നേടി അമൽ ജ്യോതി എൻഞ്ചിനിയറിങ്ങ് കോളേജ് . പൂർണ്ണമായും കോളേജ് ക്യാമ്പസിൽ തന്നെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത സ്റ്റെല്ലാർ എന്ന് പേരിട്ടിരിക്കുന്ന വാഹനം ആണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി മുപ്പത്തിയഞ്ചിലധികം ടീമുകൾ ആണ് പങ്കെടുത്തത്. അമൽ ജ്യോതിയിലെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ടീം സ്റ്റെല്ലാർ വികസിപ്പിച്ചെടുത്തത്. ഇന്ത്യയിൽ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന വാഹനം അവതരിപ്പിക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി വിദ്യാർത്ഥികൾക്കായി അതിനുള്ള മത്സരങ്ങളും നടത്തപ്പെടുന്ന വേദിയാണ് എസ് ഇ വി സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പ്.
ഫെബ്രുവരി 26 മുതൽ മാർച്ച് 02 വരെ കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിന്റെ അവസാന വിഭാഗമായ റേസിങ് ഇനങ്ങൾ കോയമ്പത്തൂരിലെ കരി മോട്ടോർ സ്പീഡ് വേ റേസ് ട്രാക്കിലുമാണ് നടന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ ബുദ്ധിമുട്ടേറിയ ട്രാക്കിലൂടെ വാഹനം നിയന്ത്രിക്കുകയും ഓടി പൂർത്തിയാക്കുകയും ചെയ്യുന്ന വിഭാഗം (മാനുവറബിലിറ്റി), വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെറിയ ദൂരം പിന്നിടുന്ന വിഭാഗം (മികച്ച ആക്സിലറേഷൻ), മികച്ച വാട്ടർപ്രൂഫ് വാഹന വിഭാഗം (എച്ച് ഒ എച്ച്), ഫൈനൽ ട്രാക്ക് റേസിൽ ഒരു മണിക്കൂർ ഓടി ഒന്നാമതായി ഫിനിഷ് ചെയ്യുന്ന വിഭാഗം ( എൻഡുറൻസ് വിജയി ) എന്നിവയിലാണ് അമൽജ്യോതിയുടെ ഈ മികച്ച വിജയം.
കോളേജിലെ മെക്കാനിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. അനീഷ് ആറിന്റെയും, അസി. പ്രൊഫ. ശ്രീ. മാത്യു. ജെ ജോസഫിന്റെയും നേതൃത്വത്തിൽ , വിദ്യാർത്ഥികാളായ അർജുൻ മോഹൻ, ജിതിൻ ബിജു, എഡ്വിൻ തോമസ് , ഫെബിൻ കെ സാജൻ, ആൽബർട്ട് ജോജി, ഡെൽജോ ഷാജു ആൽവിൻ സജി തുടങ്ങി 35 പേരടങ്ങിയ ടീം ആണ് സോളാർ വാഹന നിർമ്മാണം പൂർത്തിയാക്കിയത്. ദേശീയ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളേജ് മാനേജ്മെൻ്റ് അനുമോദിച്ചു. അനുമോദന ചടങ്ങിൽ കോളേജ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) ഫാ. ഡോ. റോയി എബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഫാ. ഡോ. റൂബിൻ തോട്ടുപുറത്ത് ജോസ് (ഡീൻ അക്കാദമിക്), മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. റോഷൻ കുരുവിള, എന്നിവർ സംബന്ധിച്ചു.
