ഈസ്റ്റർ ദിനത്തിലെ JEE MAIN പരീക്ഷ ; മാറ്റം വേണ്ട വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28
ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. അതേസമയം പരീക്ഷ തീയതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി വിവരങ്ങൾ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28, 2026 ആണ്. കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയം കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയത്.
അതേസമയം പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളിൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ക്രൈസ്‌തവ സഭാ നേതൃത്വം പ്രതിഷേധം ശക്തമാക്കിയിരുന്നു. പരീക്ഷ നടത്താനുള്ള തീരുമാനം ശരിയല്ലെന്ന് കോതമംഗലം രൂപത വൈദികയോഗം കുറ്റപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും കോതമംഗലം രൂപത വൈദിക യോഗം ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇപ്പോൾ പരീക്ഷ സംബന്ധിച്ച് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
