ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക്വൈദ്യുതി പോസ്റ്റ് തകർത്തു കൊണ്ട് മരം വീണു.യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപെട്ടു.
എരുമേലി : ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് റോഡരികിൽ വനത്തിലെ വട്ട മരം കടപുഴകി വീണ് അപകടം. വൈദ്യുതി പോസ്റ്റ് തകർത്തു കൊണ്ടാണ് മരം നിലംപതിച്ചത്. മരത്തിന്റെ ഭാഗങ്ങൾ കാറിന് മുകളിലും വൈദ്യുതി പോസ്റ്റ് റോഡിലും പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ എരുമേലി – റാന്നി റോഡിൽ കനകപ്പലം ജങ്ഷനിൽ വെച്ചാണ് അപകടം. കുമ്പഴ സ്വദേശികൾ കാറിൽ എരുമേലിയിലേക്ക് വരികയായിരുന്നു. കാറിന്റെ മുകൾ ഭാഗം തകർന്നു. വൈദ്യുതി പോസ്റ്റ് തകർന്നു വീണതിനൊപ്പം വൈദ്യുതി ലൈനുകളും പൊട്ടി റോഡിൽ വീണു. തൽക്ഷണം തന്നെ വൈദ്യുതി ബന്ധം നിലച്ചത് മൂലം വലിയ അപകടത്തിലേക്ക് എത്തിയില്ല.
ഭാഗ്യം കൊണ്ടാണ് പരിക്ക് ഇല്ലാതെ രക്ഷപെടാൻ കഴിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. എരുമേലി പോലിസ് എത്തിയതിന് പിന്നാലെ അഗ്നി രക്ഷാ ശമന സേന എത്തി മരം മുറിച്ചു നീക്കി ഗതാഗത തടസം നീക്കി. കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി പോസ്റ്റും ലൈനുകളും റോഡിൽ നിന്ന് നീക്കി.
വനപാതയായ ഈ റോഡിൽ കേടായ ഒട്ടേറെ മരങ്ങൾ ആണ് റോഡരികിൽ വനത്തിലുള്ളത്. നിരവധി തവണ മരങ്ങൾ വീണ് അപകടങ്ങൾ സംഭവിച്ചു. അപകട സാധ്യത സൃഷ്ടിക്കുന്ന മരങ്ങൾ വെട്ടി നീക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഇതിനോടകം നിരവധിയാണ് തകർന്നത്.
ചിത്രം.
എരുമേലി കനകപ്പലത്ത് കാറിന് മുകളിൽ മരം വീണ നിലയിൽ. സമീപത്ത് റോഡിൽ വൈദ്യുതി പോസ്റ്റ് തകർന്ന് നിലംപതിച്ച നിലയിൽ.
