കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 14 ന് ആരംഭിക്കും.
കാഞ്ഞിരപ്പള്ളി : പതിറ്റാണ്ടുകളായി പലവിധ കാരണങ്ങളുടെ പേരിൽ മുടങ്ങിക്കിടന്ന ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാളെ മുതൽ ആരംഭിക്കുമെന്ന് നിയുക്ത എം.എൽ.എ പ്രൊഫ.റോണി.കെ.ബേബി പറഞ്ഞു.നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യഘട്ടത്തിൽ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്.തൂണുകളുടെ ഫൗണ്ടേഷൻ ചിറ്റാർപുഴയോട് ചേർന്ന് മണിമല റോഡിൻ്റെ മദ്ധ്യ ഭാഗം വരെ എത്തുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ കുരിശുകവല മുതൽ മണ്ണാറക്കയം വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.നിർമ്മാണം നടക്കുന്ന ഭാഗത്ത് രണ്ട് മാസ കാലയളവിലേക്ക് പൂർണ്ണമായ ഗതാഗത നിയന്ത്രണം ഉണ്ടാകും. മണിമല ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരുന്ന ലോറിയും ബസ്സും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ടി.ബി റോഡ് വഴി കെ. കെ റോഡിൽ എത്തിച്ചേരേണ്ടതാണ്.ചെറുവാഹനങ്ങൾക്ക് ഇതിനിടയിലുള്ള ചെറിയ റോഡുകൾ ഉപയോഗിക്കാവുന്നതാണ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.പി.എ. ഷെമീർ,ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി ജോസഫ്, വൈസ് പ്രസിഡന്റ് അഡ്വ.സുനിൽ തേനംമാക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജിബു ,ഗ്രാമപഞ്ചായത്ത് അംഗം ജോയി മുണ്ടാമ്പള്ളി,കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. എം മീര,അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.വി. ടിനേഷ് മോൻ ,കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ ഗോകുൽ ഗോപൻ , കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ വി.വിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പടം അടിക്കുറിപ്പ്:
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കരാർ കമ്പനി ജീവനക്കാരുടെയും സംയുക്തയോഗം നിയുക്ത എം.എൽ.എ പ്രൊഫ. റോണി.കെ ബേബി ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ എന്നിവർ സമീപം.
