സ്‌കൂൾ തുറക്കൽ: രക്ഷിതാക്കളുടെ മനസ്സിൽ ആധിയുടെ വേലിയേറ്റം
മേയ് മാസം പകുതിയിലേക്കെത്തിയതോടെ രക്ഷിതാക്കളുടെ മനസ്സിൽ ആധിയുടെ വേലിയേറ്റം ആരംഭിച്ചു. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഉയരുന്ന ചെലവിന്റെ കണക്കോർത്താണ് നെഞ്ചിടിപ്പ്.
ഉപ്പുതൊട്ടു കർപ്പൂരം വരെ തീവിലയാണ്. അതോടൊപ്പം ചുട്ടുപൊള്ളുന്ന വേനൽചൂടിൽ കാർഷിക മേഖല കരിഞ്ഞുണങ്ങുകയും ഒപ്പം കുടിവെള്ളം വിലയ്ക്ക് വാങ്ങുകയും ചെയ്യുന്നതിനിടയിലാണ് മേയ് മാസം പിറന്നുവീണത്.
മിക്ക സ്കൂളുകളും യൂനിഫോമുകൾ അവിടുന്നുതന്നെ വിതരണം ചെയ്യുന്നുണ്ട്. തുണിവിലയും തുന്നൽ കൂലിയുമടക്കം രണ്ട് ജോടി യൂനിഫോമിന് മുവായിരത്തിലധികം രൂപ വിലവരും. ചില സ്കൂളുകളിൽ ബുധനാഴ്ച ദിവസങ്ങളിലേക്ക് മറ്റൊരു ജോടികൂടി വാങ്ങണം. കോട്ടുള്ള സ്കൂളുകളിൽ അതിൻ്റെ വിലകൂടി വരും. കൂടാത ഷൂസ്, സോക്സ്, ടൈ, ബെൽറ്റ്, ബാഗ് എന്നിവ കൂടി വാങ്ങണം. സ്കൂൾ ബാഗ് ഏറ്റവും കുറഞ്ഞതിന് 750 രൂപയെങ്കിലും നൽകണം. ഇനി ബാഗ് അൽപ്പം മോടിയിൽ ആയിക്കോട്ടെ എന്നു കരുതിയാൽ 800 രൂപ മുതൽ മേൽപ്പോട്ടാണ് വില. ജൂണിൽ സ്കൂൾ തുറക്കുന്നതിനൊപ്പം കാലവർഷവും കടന്നുവരും. ആകർഷകമായ വർണക്കുടകൾ തൊട്ട് മുന്തിയ തരം കുടകൾ വരെ കുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ട് വിപണിയിലെത്തിക്കഴിഞ്ഞു. മുന്തിയ സ്കൂളുകളിലെല്ലാം മാസങ്ങൾക്കു മുമ്പേ അഡ്‌മിഷൻ അവസാനിച്ചു.
