കാഞ്ഞിരപ്പള്ളി രൂപത എപ്പാർക്കിയൽ അസംബ്ലി തുടങ്ങി.
കുട്ടിക്കാനം : കാഞ്ഞിരപ്പള്ളി രൂപത സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രൂപത എപ്പാർക്കിയൽ അസംബ്ലി കുട്ടിക്കാനം മരിയൻ കോളേജിൽ തുടങ്ങി. നാലുദി വസം നീളുന്ന അസംബ്ലിയിൽ വൈദികരുടെയും സന്യസ്തരുടെയും അൽമായരുടെയും 175 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഫാ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ധ്യാനചിന്തകൾ പങ്കുവച്ചു. തുടർന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ കുർബാന അർപ്പിച്ചു. സിഞ്ചെല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ഡോ. ജോസ് വെള്ളമറ്റവും പൊതുനിർദേശങ്ങൾ നൽകി.
വിശ്വാസ പരിശീലനജീവിതം സംബന്ധിച്ച് ഫാ.ഡോ. ആൻഡ്രൂസ് പാണംപറമ്പിലും ദൈവവചനം വിശ്വാസജീവിത പരിശീലനത്തിൽ ഡോ. ആന്റണി ചെല്ലംന്തറയിലും വിഷയാവതരണം നടത്തി. ഫാ. ഡോ. വർഗീസ് കൊച്ചുപറമ്പിൽ മോഡറേറ്ററായിരുന്നു. ദൈവാരാധനയും ക്രൈസ്തവജീവിതവും എന്നതിൽ ഫാ. ഡോ. ജേക്കബ് കിഴക്കേവീട് വിഷയാവതരണം നടത്തി. ഫാ. ഡോ. ജയിംസ് ചവറപ്പുഴ മോഡറേറ്ററായിരുന്നു.
എപ്പാർക്കിയൽ അസംബ്ലിയുടെ ഉദ്ഘാടനം ബുധനാഴ്ച 2.30-ന് സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. അസംബ്ലി വെള്ളിയാഴ്ച സമാപിക്കും. യോഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.
