KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി വിമാനത്താവളം ഇനി മാറ്റാനാകുമോ : പത്തനംതിട്ടയിലേക്ക് മാറ്റുമെന്ന് പ്രചരണം.

എരുമേലി : നിർദിഷ്‌ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയ്ക്ക് കേന്ദ്ര അനുമതികൾ അടക്കം ലഭിച്ചത് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ. എന്നാൽ ഈ പദ്ധതി പത്തനംതിട്ട ജില്ലയിലേക്ക് മാറ്റുന്നു എന്നാണ് ഇപ്പോൾ പ്രചരണം വ്യാപകമായിരിക്കുന്നത്. അങ്ങനെ പദ്ധതി മാറ്റുന്നു എന്ന് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഒരിടത്തും പറഞ്ഞിട്ടില്ലന്നിരിക്കെ എങ്ങനെ മാറ്റുമെന്ന് എരുമേലിയിലെ നാട്ടുകാർ ചോദിക്കുന്നു.

മൂന്നര വർഷം മുമ്പ് നാട്ടുകാരുടെ 307 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു അളന്നു തിരിച്ചു കുറ്റി തറച്ച് ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ പാടില്ലന്ന് നിയന്ത്രണം ഏർപ്പെടുത്തിയതാണ്. വിമാനത്താവള പദ്ധതി മാറ്റിയാൽ ഇവരോട് സർക്കാർ എന്ത് സമാധാനം പറയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. വിൽക്കാൻ പറ്റാത്ത ഭൂമിയുമായി നട്ടം തിരിഞ്ഞവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകേണ്ടി വരും. പദ്ധതിയ്ക്ക് ലഭിച്ച കേന്ദ്ര – സംസ്ഥാന അനുമതികൾ വെറുതെയാകും. പഠനം ഉൾപ്പടെ ഇതിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് ചെലവിട്ട തുക പാഴായി മാറും. വർഷങ്ങൾ നീണ്ട പരിശ്രമം നടത്തി എല്ലാ അനുമതികളും നേടിയ പദ്ധതി മാറ്റാൻ സംസ്ഥാന സർക്കാരിന് സാധിക്കണമെങ്കിൽ ഒട്ടേറെ സാങ്കേതിക തടസങ്ങൾ ആണ് കേന്ദ്ര തലത്തിൽ നിന്ന് വരെ നേരിടേണ്ടി വരിക.

വാസ്തവം ഇതായിരിക്കെ പത്തനംതിട്ട ജില്ലയിൽ എവിടെ വേണം വിമാനത്താവളം എന്ന് ടൈറ്റിൽ നൽകി ചില ഫേസ്ബുക് പേജുകൾ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. ഇത് മൂലം ജനങ്ങൾ ആശയക്കുഴപ്പത്തിലാണെന്ന് ആക്ഷേപം ശക്തമാണ്. നിലവിൽ ശബരിമല വിമാനത്താവള പദ്ധതിയുടെ സ്ഥലം എന്നത് എരുമേലി ആണെന്നാണ് സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും ഫയലിൽ അനുമതിയും അംഗീകാരവുമായി ഉള്ളത്. എരുമേലിയിൽ പ്രാഥമിക അനുമതിയിൽ തുടങ്ങി സ്ഥലം ഏറ്റെടുക്കൽ വരെ എത്തിയതിനൊപ്പം പാരിസ്ഥിതിക പഠനം, സാമൂഹിക പ്രത്യാഘാത പഠനം എന്നിവയെല്ലാം നടക്കുകയും ഇവ സംബന്ധിച്ച് പൊതു ജന ഹിയറിങ്ങ് നടക്കുകയും ചെയ്തു. ആകെ നിലവിൽ നേരിട്ടിരിക്കുന്ന തടസം എന്നത് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച തർക്കമാണ്. അതിൽ നിലവിൽ എസ്റ്റേറ്റ് അധികൃതർക്ക് അനുകൂല വിധി പാലാ സബ് കോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ബിലീവേഴ്‌സ് ചർച്ച് ബന്ധമുള്ള അയാന ചാരിറ്റബിൾ ട്രസ്റ്റ് വക ആണെന്ന് കോടതി അംഗീകരിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പദ്ധതി മാറ്റാൻ സാധിക്കില്ലന്നിരിക്കെ പത്തനംതിട്ട ജില്ലയിലേക്ക് പദ്ധതി മാറ്റുമെന്ന പ്രചരണം വിവാദം നിറച്ചിരിക്കുകയാണ്.

error: Content is protected !!