മോഷ്ടിച്ച ബൈക്കിൽ പാഞ്ഞ മോഷ്ടാവിനെ മുപ്പത് കിലോമീറ്റർ ദൂരം പിന്തുടർന്ന് പിടികൂടിയ നസീബിന് അഭിനന്ദന പ്രവാഹം.
എരുമേലി : ഇക്കഴിഞ്ഞ ഒന്നിന് കോടതിയിൽ ഡ്യൂട്ടി കഴിഞ്ഞു സ്വന്തം ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മുന്നിൽ പോയ ബൈക്കിന്റെ നമ്പർ, എരുമേലി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ഇടക്കുന്നം സ്വദേശി നസീബിന്റെ കണ്ണിൽ ഉടക്കിയത് . ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊൻകുന്നത്തു നിന്ന് മോഷണം പോയ ബൈക്ക് ആണ് അതെന്ന് പെട്ടെന്നുതന്നെ ഉറപ്പിക്കുവാൻ പറ്റി. പിന്നെ ഒന്നും നോക്കിയില്ല .. ആ ബൈക്കിന്റെ പിന്നാലെ വച്ച് പിടിച്ചു . പണി പാളിയെന്ന് മനസ്സിലാക്കിയ മോഷ്ട്ടാവ് ബൈക്കുമായി മരണ പാച്ചിലാണ് നടത്തിയത് . തൊട്ടുപിന്നാലെ ‘കള്ളൻ കള്ളൻ പിടിച്ചോ ‘ എന്ന വിളിയോടെ നസീബും. ഓട്ടത്തിനിടയിൽ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു കാര്യം പറയുവാനും സാധിച്ചു . കള്ളനും പോലീസും പാഞ്ഞത് മുപ്പതു കിലോമീറ്റർ .. ഒടുവിൽ സിനിമാ സ്റ്റൈലിൽ നസീബ് കള്ളനെ പിടികൂടി കീഴ്പെടുത്തി.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ വികാസിന്റെ യൂണികോൺ ബൈക്കുമായാണ് മോഷ്ടാവ് പൊൻകുന്നം പനമറ്റം ശരത് (33) പാഞ്ഞത്. അറസ്റ്റിലായ ശരത്തിനെ കോടതി രണ്ട് ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ 28 ന് പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ നിന്നാണ് ശരത് ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് സിവിൽ സ്റ്റേഷനിൽ വെച്ചിട്ട് ജോലിക്ക് പോയ വികാസ് തിരിച്ചു വരുമ്പോൾ ആണ് ബൈക്ക് മോഷണം അറിഞ്ഞത്. സിസി ക്യാമറ ദൃശ്യങ്ങളിൽ തെളിവുകൾ ഇല്ലാഞ്ഞതിനാൽ മോഷ്ടാവ് ആരാണ് എന്ന് അറിയാതെ പോലിസ് കുഴങ്ങി. ബൈക്കിന്റെ നമ്പർ സഹപ്രവർത്തകർക്ക് വികാസ് നൽകിയിരുന്നു. ഇക്കഴിഞ്ഞ ഒന്നിന് കോടതിയിൽ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് നസീബിന്റെ മുന്നിൽ പോയ ബൈക്ക് വികാസിന്റെ മോഷണം പോയ ബൈക്ക് ആണെന്ന് സംശയം തോന്നി ശ്രദ്ധിച്ചത്. വികാസിന്റെ ബൈക്ക് ആണെന്ന് മനസിലായ നസീബ് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നസീബ് അറിയിച്ചതിനെ തുടർന്ന് സഹപ്രവർത്തകൻ നിമേഷും പിന്നാലെ എത്തിയിരുന്നു.
