കോട്ടയം ജില്ലാ കായിക മേളയിൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ്. വീണ്ടും ചാമ്പ്യന്മാർ.
കാഞ്ഞിരപ്പള്ളി : മലയോര മേഖലയിലെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ കോരുത്തോട് സി കെഎം സ്കൂൾ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ കോട്ടയം ജില്ലാ ചാംപ്യൻപട്ടം കോരുത്തോടിന്റെ കൈകളിൽ ഭദ്രമായി തിരികെപിടിച്ചു .
ജില്ലാ സ്കൂൾ കായികമേളയിൽ 10 വർഷത്തിനുശേഷമാണ് കോരൂത്തോട് സി.കെ.എം.എച്ച്.എസ്. സ്കൂൾ കീരിടം തിരികെപ്പിടിച്ചത് . 25 സ്വർണവും 11 വെള്ളിയും മൂന്ന് വെങ്കലവും നേടി 161 പോയിന്റ് നേടിയാണ് കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ്. ചാമ്പ്യന്മാരായത്.
കഴിഞ്ഞതവണ ചാമ്പ്യന്മാരായ പാലാ സെന്റ് തോമസിനെക്കാൾ 82 പോയിന്റ് കൂടുതൽ നേടിയാണ് കോരുത്തോട് സ്കൂൾ പ്രതാപകാലത്തെ അനുസ്മരിക്കുംവിധം ജില്ലാ സ്കൂൾ മീറ്റിൽ തിരികെയെത്തിയത്. മേളയിൽ നാല് മീറ്റ് റെക്കോഡുകൾ മറികടന്ന പ്രകടനം കോരുത്തോടിന്റെ താരങ്ങൾ കാഴ്ചവെച്ചു.
തുടർച്ചയായി 16 വർഷം സംസ്ഥാനതലത്തിൽ സ്കൂൾ ചാമ്പ്യന്മാരായിരുന്നു സ്കൂൾ. 1986-2003 വരെ സംസ്ഥാന ചാമ്പ്യന്മാരായിരുന്ന സ്കൂൾ 2016-ലാണ് ജില്ലയിൽ അവസാനം ചാമ്പ്യന്മാരായത്.
സുവർണജൂബിലിയുടെ ഭാഗമായി കായിക മുന്നേറ്റം ലക്ഷ്യമിട്ട് സ്കൂൾ കഴിഞ്ഞ ഒരു വർഷമായി മികച്ച വി ദ്യാർഥികളെ കണ്ടെത്തി പരിശീലനം നൽകുകയാണെന്നും 2036-ലെ ഒളിമ്പിക്സിലേക്ക് താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സ്കൂൾ മാനേജർ എ.എൻ. സാബു പറഞ്ഞു.
പത്തനംതിട്ട എച്ച്.ആർ.ഡി.എസ്. അക്കാദമിയുമായി ചേർന്ന് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പത്തു വിദ്യാർഥികൾക്ക് സ്കൂളിൽ വിദ്യാഭ്യാസം നൽകാനെത്തിച്ചാണ് ജില്ലയിൽ ചാമ്പ്യൻപട്ടം തിരികെപ്പിടിച്ചത്. വിവിധ ഇനങ്ങളിൽ 46 കുട്ടികൾ സ്കൂളിനായി മത്സരിച്ചു.
ഉപജില്ലാ തലത്തിൽ ഒരു പതിറ്റാണ്ടിനുശേഷം ചാമ്പ്യൻപട്ടം തിരികെപ്പിടിച്ച് കാഞ്ഞിരപ്പള്ളി ഉപജില്ല. 37 സ്വർണവും 30 വെള്ളിയും 14 വെങ്കലവുമുൾപ്പെടെ 309 പോയിന്റ് നേടിയാണ് കാഞ്ഞിരപ്പള്ളി ചാമ്പ്യന്മാരായത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പാലാ 26 സ്വർണവും 11 വെള്ളിയും 14 വെങ്കലവും നേടി 223 പോയിന്റ് നേടി രണ്ടാംസ്ഥാനത്തെത്തി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു കാഞ്ഞിരപ്പള്ളി.
