കണമല ഇറക്കത്തിലെ സിഗ്നൽ പോസ്റ്റ് കാറ്റിൽ മറിഞ്ഞുവീണു: പണികളിൽ അപാകതയെന്ന് ആരോപണം..
കണമല : അതീവ അപകട മേഖലയായ കണമല ഇറക്കത്തിലെ അട്ടിവളവിൽ സിഗ്നൽ പോസ്റ്റ് സ്ഥാപിച്ചത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാതെ. കഴിഞ്ഞ ദിവസം വൈകുന്നേരം മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ പോസ്റ്റ് മറിഞ്ഞു വീണ നിലയിൽ. അപകട സൂചന മുന്നറിയിപ്പ് നൽകാനായി സ്ഥാപിച്ച സൗരോർജത്തിൽ പ്രകാശിക്കുന്ന ട്രാഫിക് ബ്ലിങ്കിങ് ലൈറ്റ് ഉൾപ്പെട്ട പോസ്റ്റ് ആണ് മറിഞ്ഞു വീണത്.
ഈ പോസ്റ്റ് ആദ്യം സ്ഥാപിച്ചത് കുഴിയെടുത്തു പോസ്റ്റിന്റെ ചുവട് ഭാഗം കുഴിയിൽ ഇറക്കി ഉറപ്പിച്ച ശേഷം കോൺക്രീറ്റ് ചെയ്തായിരുന്നു. തുടർന്ന് കോൺക്രീറ്റ് ഭാഗത്ത് ബോൾട്ടുകൾ ഇട്ട് പോസ്റ്റിൽ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ പോസ്റ്റ് ചുവട് ഭാഗം മുറിച്ചു മാറ്റിയ ശേഷം പോസ്റ്റ് എടുത്തു പണികൾ നടത്തിയെന്നും തുടർന്ന് ഉറപ്പിക്കുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്യാതെ സ്ഥാപിച്ചെന്നും നാട്ടുകാർ പറഞ്ഞു.
ശബരിമല തീർത്ഥാടന സീസണിൽ അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്ന കണമല ഇറക്കത്തിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റുകൾ മിക്കതും പ്രവർത്തനരഹിതമാണ്. അറ്റകുറ്റപ്പണികൾക്കായി പോസ്റ്റുക ഊരി മാറ്റി പണി നടത്തിയ ശേഷം തിരികെ സ്ഥാപിക്കുമ്പോൾ വേണ്ടത്ര ഉറപ്പ് വരുത്താതെ ആണെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്.
