നെൻമേനി പാലം നവംബർ 15-ന് നാടിന് സമർപ്പിക്കും. ആഘോഷത്തിമിർപ്പിൽ പ്രദേശവാസികൾ.
മുണ്ടക്കയം : കാലവർഷത്തിൽ തോട് കരകവിഞ്ഞ് ഒഴുകുന്നതോടെ യാത്രാദുരിതത്തിലായിരുന്ന നെൻമേനി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമാകുകയാണ്. മുണ്ടക്കയം നെൻമേനിയിൽ തോടിന് കുറുകെ നിർമ്മിച്ച പുതിയ പാലം നവംബർ 15-ന് നാടിന് സമർപ്പിക്കും.
മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നതോടെ നെൻമേനി അമ്പലം ഭാഗത്തെ ജനങ്ങളുടെ സഞ്ചാരം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും, രോഗികളും, ക്ഷേത്ര ആരാധനയ്ക്ക് എത്തുന്നവരും ഉൾപ്പെടെയുള്ളവർ, മറുകരയെത്താൻ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ടി വന്നിരുന്ന പ്രതിസന്ധിക്കാണ് പാലം യാഥാർത്ഥ്യമായതോടെ ശാശ്വത പരിഹാരമായിരിക്കുന്നത്.
കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതിയുടെ അവസാന വർഷത്തിൽ ആരംഭിച്ച പദ്ധതി, ജില്ലാ-ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. അത്യാധുനിക രീതിയിൽ നിർമ്മിച്ച പാലം പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് പുതിയ കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
നവംബർ 15-ന് വൈകുന്നേരം നാലിൻ നടക്കുന്ന ചടങ്ങിൽ വാർഡ് മെമ്പർ സി.വി. അനിൽകുമാർ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. ജീരാജ് പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കും. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ റോസമ്മ ജോൺ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ. അനുപമ, സി.ഡി.എസ്. ചെയർപേഴ്സൺ ഷിജി ഷാജി എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. പാലത്തിന്റെ ഉദ്ഘാടനം ഒരു നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികൾ.
