ചിറക്കടവ് ചിറ്റാർ പാലം – വിഴിക്കിത്തോട് റോഡിലെ അപകടവളവ് വീതികൂട്ടാൻ നടപടിയായി.
കാഞ്ഞിരപ്പള്ളി: ചിറക്കടവ് മണ്ണംപ്ലാവ് – വിഴിക്കിത്തോട് റോഡിൽ ചിറ്റാർ പാലത്തിനും വയലിൽപടിക്കും ഇടയിലെ അപകടവളവ് വീതികൂട്ടി പുനർനിർമിക്കുന്നതിന് 25 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി റോണി കെ. ബേബി എം.എൽ.എ. അറിയിച്ചു.
ശബരിമല മണ്ഡലകാലത്ത് ഉൾപ്പടെ തിരക്കേറിയ റോഡിൽ വളവ് വീതി കൂട്ടാത്തതിനാൽ അപകടങ്ങൾ പതിവായിരുന്നു. എരുമേലിയിലേക്ക് എത്തുന്ന അയ്യപ്പഭക്തരുൾപ്പടെയുള്ള വാഹനങ്ങൾ പൊൻകുന്നം കെ.വി.എം.എസ്. കവലയിൽനിന്നു മണ്ണംപ്ലാവ് – വിഴിക്കിത്തോട് വഴി തിരിഞ്ഞുപോയിരുന്നത് ഇതു വഴിയാണ്.
വളവ് വീതി കൂട്ടുന്നതിന് കർമലീത്താ മഠം അധികൃതർ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് സംരക്ഷണഭിത്തി നിർമിച്ചു നൽകും.10 സെൻ്റ് സ്ഥലമാണ് വളവ് വീതി കൂട്ടുന്നതിന് സൗജന്യമായി വിട്ടു നൽകുന്നത്.
കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ടിന്റെയും കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജയിംസ് പാനാപ്പള്ളിയുടെയും നേതൃത്വത്തിൽ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വളവ് വീതി കൂട്ടാൻ നടപടിയായിരിക്കുന്നത്.
