എരുമേലിയിൽ എത്തിയ നിയമസഭ സമിതി അംഗങ്ങളെ എതിരേറ്റത് തോട്ടിലെ മാലിന്യക്കൂമ്പാരം ..തോട് വൃത്തിയാക്കൽ അടിയന്തിരമായി ചെയ്യണമെന്ന് കർശന നിർദേശം ..
എരുമേലി : അയ്യപ്പഭക്തർ ആചാരപരമായ സ്നാനം നടത്തുന്ന തോട് സന്ദർശിക്കാൻ ചെന്ന നിയമസഭ പരിസ്ഥിതി സമിതി കണ്ടത് മാലിന്യങ്ങളുടെ അതിഭീകര കാഴ്ച. തോട്ടിലും കുളിക്കടവിലെ പടവുകളിലുമായി നൂറുകണക്കിന് സോപ്പ് – ഷാമ്പു കവറുകളും തുണികളും പ്ലാസ്റ്റിക് മാലിന്യങ്ങളും. തുടർന്ന് സമിതി പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്നപ്പോൾ വിവിധ വകുപ്പുകൾ തമ്മിൽ പഴിചാരൽ. രൂക്ഷ വിമർശനം നടത്തിയ സമിതി കർശന നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി.
ബുധനാഴ്ച എരുമേലിയിൽ നിയമസഭ പരിസ്ഥിതി സമിതിയുടെ സിറ്റിംഗ് ആണ് ഉദ്യോഗസ്ഥരിലെ അനാസ്ഥകൾക്കെതിരെ കടുത്ത വിമർശനമായി മാറിയത്. സമിതി ചെയർമാൻ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്, അംഗങ്ങളായ പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബു എന്നിവർക്കൊപ്പം കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്നിവരാണ് സന്ദർശനം നടത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ എരുമേലി വലിയമ്പലത്തിന് മുന്നിലുള്ള തീർത്ഥാടകരുടെ കുളിക്കടവും രാജാപ്പടി പാലവും സന്ദർശിച്ച ശേഷം എരുമേലി പഞ്ചായത്ത് ഹാളിൽ ചേർന്ന സിറ്റിംഗ് ഉച്ചക്ക് ശേഷമാണ് സമാപിച്ചത്.
ക്ഷേത്രക്കുളിക്കടവ് സീസൺ തീരുന്നത് വരെ എല്ലാ ദിവസവും ശുചീകരിക്കണമെന്ന് സമിതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കളക്ടർ അറിയിച്ചു. തോട്ടിൽ ഇറങ്ങി ദിവസവും മാലിന്യങ്ങൾ നീക്കണം. ഇത് കൃത്യമായി ഉറപ്പ് വരുത്താൻ എക്സിക്യൂട്ടീവ് മജിസ്ത്രേട്ടിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടർക്ക് മേൽനോട്ടം നൽകാൻ നിർദേശം നൽകി.
അടുത്ത ശബരിമല സീസണിൽ കരിങ്കല്ലുമ്മുഴി മുതൽ കൊരട്ടി വരെ വലിയ തോടിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തികൾ നിർമിക്കുകയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും തോടിന്റെ സ്വാഭാവിക ആഴവും വിസ്തൃതിയും വീണ്ടെടുക്കണമെന്നും കുളിക്കടവിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് വെള്ളം ശുചീകരിക്കണമെന്നും സമിതി നിർദേശം നൽകി. കുളിക്കടവിലേക്ക് മണിമലയാറിൽ നിന്ന് വെള്ളം എത്തിക്കുന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കാനും നിർദേശം നൽകി. പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ മുന്നോട്ടു വെച്ച ഈ നിർദേശങ്ങൾ അടുത്ത സീസണിൽ പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ ശുപാർശയായി ജില്ലാ കളക്ടർക്ക് സമിതി നൽകുകയായിരുന്നു.
ദിവസവും റോഡ് വൃത്തിയാക്കാൻ വിശുദ്ധി സേന എന്ന പേരിൽ 125 പേരുണ്ട്. എന്നാൽ തോട് വൃത്തിയാക്കാൻ ആരുമില്ല. ഇത് ഇനി അനുവദിക്കാൻ പറ്റില്ലന്നും ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥരോട് വിശദീകരണം തേടണം എന്നുള്ള ചാണ്ടി ഉമ്മൻ എംഎൽഎ യുടെ നിർദേശം നിയമസഭയിൽ റിപ്പോർട്ടിൽ സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് പറഞ്ഞു. തോടാണോ അതോ റോഡ് ആണോ ആദ്യം വൃത്തിയാക്കേണ്ടതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചു. തോട് വൃത്തിയാക്കുന്നത് ഏത് വകുപ്പ് ആണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ പഞ്ചായത്ത്, ദേവസ്വം ബോർഡ്, മൈനർ ഇറിഗേഷൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ വകുപ്പ് അല്ലെന്നാണ് പറഞ്ഞത്. ഇത് ഗുരുതരമായ അനാസ്ഥയാണ് വെളിവാക്കുന്നതെന്ന് സമിതി ചെയർമാൻ പറഞ്ഞു.
ശബരിമല തീർത്ഥാടനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ തോട്ടിൽ ഗുരുതര മലിനീകരണം ആണെങ്കിൽ തീർത്ഥാടന കാലം തീരുമ്പോൾ എന്തായിരിക്കും സ്ഥിതി എന്ന് സമിതി അംഗമായ എംഎൽഎ ഫൈസൽ ബാബു ചോദിച്ചു. ദിവസവും പതിനായിരക്കണക്കിന് ഭക്തർ കുളിക്കുന്ന തോട്ടിൽ ഇവർ ഉപയോഗിച്ച ശേഷം കളയുന്ന സോപ്പ്, ഷാമ്പു കവറുകൾ തന്നെ പതിനായിരത്തോളം വരും. ഇതെല്ലാം തോട്ടിൽ ആണ് കിടക്കുന്നത്. രണ്ടര മാസത്തെ സീസൺ തീരുമ്പോൾ ഇത്തരം കവറുകളുടെ എണ്ണം ഒരു കോടി കടക്കും. ഇതെല്ലാം ചെന്നെത്തുന്നത് നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന മണിമലയാറിലാണെന്നുള്ളത് അതീവ ഗൗരവമാണെന്ന് അദ്ദേഹം പറഞ്ഞു.
.
തോട്ടിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധന ഫലം പറയാൻ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സാമ്പിൾ ടെസ്റ്റിൽ ക്വാളിഫാം ബാക്റ്റീരിയ കൂടിയ അളവിലാണെന്ന് ആരോഗ്യ വകുപ്പിലെയും ജല അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതാണ് അവസ്ഥ എങ്കിൽ എരുമേലി തോട്ടിൽ കുളിക്കുന്ന ഭക്തർ തിരികെ രോഗവുമായി പോകുന്ന സ്ഥിതി ആണ് നിലവിലെന്ന് റോണി കെ ബേബി എംഎൽഎ പറഞ്ഞു. ഇനി ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ നിർബന്ധമായും ശുചീകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി ജോസഫ്, തഹസീൽദാർ സുനിൽകുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സമിതിക്ക് പരാതി നൽകിയ പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി, പഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ സിറ്റിങ്ങിൽ പങ്കെടുത്തു..
