റവന്യു ജില്ലാ കലോത്സവത്തിനായി കാഞ്ഞിരപ്പള്ളി ഒരുങ്ങുന്നു, അയ്യായിരത്തിലധികം പ്രതിഭകൾ മത്സരിക്കും. കലോത്സവം നവംബർ 28,30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ.
കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനായി കാഞ്ഞിരപ്പള്ളിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു നവംബർ 28,30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് കലോത്സവം. 29 ഞായറാഴ്ചയായതിനാൽ കലോത്സവത്തിന് അവധിയും നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി.
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എകെജെഎം സ്കൂൾ, പേട്ട ഗവൺമെൻ്റ് ഹൈസ്കൂൾ, മൈക്ക സ്കൂൾ, എൻഎച്ച്എ സ്കൂൾ, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാൾ എന്നിങ്ങനെ 19 വേദികളാണ് ഒരുക്കിയിരിക്കുന്നത്. 13 ഉപജില്ലകളിൽ നിന്നായി യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി അയ്യായിരത്തിലധികം പ്രതിഭകൾ മത്സരിക്കും. 249 ഇനങ്ങളിലാണ് മത്സരങ്ങൾ.
28 ന് രാവിലെ കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് കലോത്സവത്തിനു തുടക്കമാകുന്നത്. തുടർന്ന് ഉദ്ഘാടന സമ്മേളനം. ആദ്യദിനത്തിൽ രചനാ മത്സരങ്ങളും മോഹിനിയാട്ടം, കേരള നടനം, ഗോത്രകലകൾ തുടങ്ങിയവയും അരങ്ങിലെത്തും.
സെന്റ് മേരീസ് സ്കൂളിലോ സെൻ്റ് ഡൊമിനിക്സ് സ്കൂളിന്റെ എൽപി വിഭാഗത്തിനു സമീപമായിട്ടോ ആയിരിക്കും ഭക്ഷണശാല പ്രവർത്തിക്കുക. വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. നാലു ദിവസവും നാലുനേരം ഭക്ഷണമുണ്ടായിരിക്കും. രണ്ടിനു വൈകുന്നേരം നാലുമണിക്കാണ് സമാപന സമ്മേളനം. ഭരണപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് പ്രോഗ്രാം കമ്മിറ്റിയു ടെ ചുമതല.
കെഎസ്ടിഎയ്ക്കാണ് ഭക്ഷണം. മറ്റ് അധ്യാപക സംഘടനകൾ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലാണ് ജഡ്ജുമാർ ഉൾപ്പടെയുള്ളവരെ നിയോഗിച്ചിരിക്കുന്നത്.
ഹരിത പ്രോട്ടോകോളിൽ കലോത്സവം നടത്തുന്നതിനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ കോർത്തിണക്കി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയാണ് സർക്കാർ ജില്ലാ കലോത്സവത്തിനായി അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ത്രിതല പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ, അധ്യാപക സംഘടനകൾ, സ്പോൺസർമാർ എന്നിവരിൽ നിന്ന് കണ്ടെത്തും.
