മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പൊൻകുന്നം പോലീസിന്റെ ചുക്കുകാപ്പി വിതരണം തുടങ്ങി.മുടങ്ങാതെ 18-ാം വർഷത്തിലേക്ക്..
പൊൻകുന്നം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി പൊൻകുന്നം ജനമൈത്രി പോലീസിന്റെ ചുക്കുകാപ്പി വിതരണം 18-ാം വർഷത്തിലേക്ക്. ശബരിമല തീർഥാടകരുടെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി തുടങ്ങിയതാണ് രാത്രികാല ചുക്കുകാപ്പി വിതരണം. ഉറക്കച്ചടവോടെ വാഹനമോടിക്കുന്നത് രാത്രി അപകടങ്ങൾക്ക് കാരണമാകുന്നു എന്ന തിരിച്ചറിവാണ് ചുക്കുകാപ്പി വിതരണത്തിന് കാരണം.
പൊൻകുന്നം പോലീസ് സ്‌റ്റേഷന് മുൻപിലെ അയ്യപ്പസേവാകേന്ദ്രത്തിൽ സന്നദ്ധപ്രവർത്തകരുണ്ടാവും. ഓരോ ദിവസവും വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് കാപ്പി വിതരണം. ഡ്രൈവർമാർക്ക് വാഹനം നിർത്തി ഏതാനും മിനിട്ട് വിശ്രമിക്കുന്നതിനും എല്ലാവർക്കും കാപ്പി കുടിക്കുന്നതിനുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കാപ്പിക്കൊപ്പം ബിസ്‌കറ്റും നൽകുന്നുണ്ട്. പൊതുശൗചാലയ സൗകര്യവും നൽകുന്നുണ്ട്.
ഈ വർഷത്തെ ചുക്കുകാപ്പി വിതരണം കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. റിജോ പി.ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
