ആവേശത്തോടെ കായികമത്സരവുമായി എലികുളത്തെ വയോജനങ്ങൾ..
ഇളങ്ങുളം: ധർമശാസ്താക്ഷേത്ര മൈതാനത്ത് വയോജനങ്ങൾ ഓരോരുത്തരും കായികമത്സരങ്ങളിൽ ആവേശത്തോടെയാണ് പങ്കെടുത്തത്. എലിക്കുളം പഞ്ചായത്തിന്റെ വയോജന കായികമേളയായിരുന്നു ചൊവ്വാഴ്ച.
എല്ലാ വാർഡിലെയും വയോജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന നിറവ് 60 പ്ലസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു കായികമത്സരങ്ങൾ. 60-നുമേൽ പ്രായമുള്ളവരായിരുന്നു എല്ലാവരും. സ്ത്രീകളും പുരുഷന്മാർക്കും വെവ്വേറെ മത്സരമായിരുന്നു. 50 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ തുടങ്ങിയ മത്സരങ്ങളാണ് ക്ഷേത്രമൈതാനത്ത് നടന്നത്. മുത്തശ്ശൻമാരുടെയും മുത്തശ്ശിമാരുടെയും കായികപ്രകടനം കാണാൻ ശാസ്താദേവസ്വം എൽ.പി.സ്കൂളിലെ കുട്ടികളും എത്തി.
