കൂവപ്പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 29-ന്.
കൂവപ്പള്ളി: ഹോളി ക്രോസ് ഹോസ്പിറ്റൽ ആൻഡ് മെന്റൽ ഹെൽത്ത് സെന്റർ കൂവപ്പള്ളിയുടെ നേതൃത്വത്തിൽ നവംബർ 29-ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൂവപ്പള്ളി സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് ക്യാമ്പ് നടത്തുന്നത്.
ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. സി. നിമ്മി വർഗീസ് (MBBS, MD, Diabetologist), പീഡിയാട്രിക്സ് വിഭാഗത്തിൽ ഡോ. സി. ലിസി (MBBS, DCH), സൈക്യാട്രി വിഭാഗത്തിൽ ഡോ. അരോമ ജോർജ് (MBBS, MD Psychiatry) എന്നിവർ രോഗികളെ പരിശോധിക്കും.
ക്യാമ്പിന്റെ ഉദ്ഘാടനം ഫാ. ജോസ് കരിമറ്റം നിർവഹിക്കും. വാർഡ് മെമ്പർ ബിജോജി ആശംസകൾ അറിയിക്കും. ഹോളി ക്രോസ് ഹോസ്പിറ്റൽ ആൻഡ് മെന്റൽ ഹെൽത്ത് സെന്റർ അഡ്മിനിസ്ട്രേറ്റർ Dr. Sr.ബെർത്താ പേരപ്പാടാൻ ക്യാമ്പിനെക്കുറിച്ച് വിശദീകരിക്കും.
ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആരോഗ്യപരിശോധനയും ആവശ്യമായ ചികിത്സാനിർദേശങ്ങളും സൗജന്യമായി ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് പിന്തുണ നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിന്റെ പ്രയോജനം പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
