കാലാവസ്ഥ വ്യതിയാനം ; മുരുക്കുംവയൽ ശ്രീ ശബരീശ കോളേജ് ഡെറാഡൂണിൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുണ്ടക്കയം :കാലാവസ്ഥ വ്യതിയാനത്തിന്റെ വേരുകൾ തേടി മുരുക്കുംവയൽ ശ്രീ ശബരീശ കോളേജ് എം. എസ്. ഡബ്ല്യൂ. വിദ്യാർഥികൾ ഡെറാഡൂണിൽ ക്യാമ്പ് സംഘടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം ഗ്രാമങ്ങളിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും, തദ്ദേശീയ വിജ്ഞാന സമ്പ്രദായവും ക്യാമ്പിലെ പ്രധാന ഗവേഷണ വിഷയമാണെന്ന് ക്യാമ്പ് ഡയറക്ടർ ഡോ. വി ജി ഹരീഷ്കുമാർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ബീവിമോൾ അസ്സിസ്, ക്യാമ്പ് കോർഡിനേറ്റർമാരായ അനന്ത കൃഷ്ണ, ദർശന കെ എസ് തുടങ്ങിയവർ പറഞ്ഞു.
ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ ജിജീഷ് എം നിർവഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ അർജുൻ കെ സി, മെന്റർമാരായ ഗുർവീന്ദർ സിംഗ്, ജാസ് സ്റാൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്രൈസ്റ്റ് ജ്യോതി അക്കാഡമിയിൽ സ്കൂൾ വിദ്യാർഥികൾക്കായി കേരളം – ഉത്തരാഖണ്ഡ് സാംസ്കാരിക വിനിമയ പരിപാടിയും നടത്തി.
യമുനയുടെ ഏറ്റവും വലിയ പോഷക നദിയായ ഡെറാഡൂണിലെ ടോൻസ് നദീതീരത്ത് താമസിക്കുന്ന ജനങ്ങളുമായി വിദ്യാർഥികൾ ആശയവിനിമയവും, ചർച്ചകളും, അഭിമുഖവും നടത്തി. വടക്കേ ഇന്ത്യയുടെ ജല ശാസ്ത്രപരമായ ഹൃദയഭൂമി എന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്.
