KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ര്‍ണാഭമായ ഘോഷയാത്രയോടെ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കൗമാരകലയുടെ പൂരത്തിന് സാക്ഷിയാകുന്നു. മുപ്പത്തിയേഴാമത് കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനാണ് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി . അരങ്ങിലും അണിയറയിലും മത്സരച്ചൂട് ഉയർന്നുകഴിഞ്ഞു

വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കലോത്സവത്തിനു തുടക്കം കുറിച്ചത് . തുടർന്ന് രാവിലെ 10.30ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍ പതാക ഉയര്‍ത്തി . തുടര്‍ന്ന് മന്ത്രി മോന്‍സ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു . പ്രഫ. റോണി കെ. ബേബി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

14 വേദികളിലായി 300 മത്സരയിനങ്ങളാണ് അരങ്ങേറുന്നത്. ഇന്നും നവംബർ മുപ്പതിനും, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ജില്ലയിലെ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്നത്. 29ന് മത്സരത്തിന് ഇടവേളയാണ്. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ജില്ലയിലെ 13 ഉപജില്ലകളില്‍ നിന്നായി 5000ത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കും.

ആദ്യദിനമായാ ഇന്ന് മാര്‍ഗംകളി, മോഹിനിയാട്ടം, കേരളനടനം, പൂരക്കളി, പരിചമുട്ട്, ചവിട്ടുനാടകം, ഓട്ടന്‍തുള്ളല്‍, രചനാ മത്സരങ്ങള്‍ തുടങ്ങിയവ അരങ്ങിലെത്തും. കാഞ്ഞിരപ്പള്ളി ലൂര്‍ദ് പാരിഷ് ഹാളിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. നാലു ദിവസവും ഭക്ഷണമുണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവസമൃദമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്.

ഭരണപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയ്ക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല. കെ.എസ്.ടി.എയ്ക്കാണ് ഭക്ഷണ ചുമതല. മറ്റ് അധ്യാപക സംഘടനകള്‍ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നു . ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലാണ് ജഡ്ജുമാര്‍ ഉള്‍പ്പടെയുള്ളവരെ നിയോഗിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ജില്ലാ കലോത്സവത്തിനായി അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ത്രിതല പഞ്ചായത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍, അധ്യാപക സംഘടനകള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരില്‍ നിന്ന് കണ്ടെത്തി .
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കലാപ്രേമികളും കാഞ്ഞിരപ്പള്ളിയിലെത്തിയതോടെ നാട് കലോത്സവത്തിന്റെ ആവേശത്തിലേക്ക് കടന്നിട്ടുണ്ട്.

കലോത്സവ വേദികള്‍ക്ക് ഇത്തവണ സംഗീതരാഗങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ.കെ.ജെ.എം സ്‌കൂള്‍, പേട്ട ഗവ. ഹൈസ്‌കൂള്‍, മൈക്ക സ്‌കൂള്‍, എന്‍.എച്ച്.എ സ്‌കൂള്‍, കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍ ഒരുക്കിയിരിക്കുന്നത്.
വേദി ഒന്ന് നീലാംബരി, രണ്ട് മോഹനം, മൂന്ന് കല്യാണി, നാല് ശങ്കരാഭരണം, അഞ്ച് ഹംസധ്വനി, ആറ് കാംബോജി, ഏഴ് മധ്യമാവതി, എട്ട് തോടി, ഒമ്പത് ഹിന്ദോളം, 10 ആനന്ദഭൈരവി, 11 ആഭേരി, 12 രേവതി, 13 കീരവാണി, 14 സിന്ധുഭൈരവി എന്നിങ്ങനെയാണ് വേദികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

error: Content is protected !!